താമരശ്ശേരി: സിപിഎം സഹയാത്രികനും കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറുമായ കാരാട്ട് ഫൈസലിനെ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ ഫൈസലും സിപിഎം നേതാക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി കൊടുവള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഫൈസല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ നടത്തിയ ജനജാഗ്രതാ യാത്രയില്‍ ഫൈസലിന്റെ കൂപ്പര്‍ കാര്‍ ഉപയോഗിച്ചതും വീട്ടിലെ ആതിഥ്യം സ്വീകരിച്ചതുമെല്ലാം കള്ളക്കടത്തു സംഘങ്ങളും പാര്‍ട്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇപ്പോള്‍ വെളിവാക്കുന്നത്. അധോലോക സംഘങ്ങളില്‍ നിന്നുള്ള പണം ഉപയോഗിച്ച് പ്രാദേശികതലം മുതല്‍ അധികാരം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് സിപിഎം നടത്തുന്നത്. പാവപ്പെട്ട അണികളെയും ജനങ്ങളെയും വഞ്ചിച്ച് ഇത്തരം സംഘങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം സംരക്ഷണം നല്‍കുകയുമാണ്. സ്വതന്ത്ര പരിവേഷം നല്‍കി കള്ളക്കടത്തുകാരനെ ജനപ്രതിനിധിയാക്കിയ പാര്‍ട്ടി നേതൃത്വം ജനങ്ങളോട് മാപ്പു പറയണം.
കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണ-കുഴല്‍പ്പണ ഇടപാടുകളെക്കുറിച്ചും ഇത്തരം സംഘങ്ങള്‍ക്ക് ഉന്നതരുമായുള്ള ബന്ധത്തെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി അദ്ധ്യക്ഷനായി. ഉത്തരമേഖലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍, സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് തേവള്ളി, ഷാന്‍ കട്ടിപ്പാറ, വി.പി.രാജീവന്‍, വത്സന്‍ മേടോത്ത്, അഡ്വ.ബിജു പടപ്പുരക്കല്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: