കോഴിക്കോട്: സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകള്‍ പരസ്യമാക്കി രംഗത്തു വന്നതോടെ അവ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ തട്ടകത്തില്‍.
പേരാമ്പ്രയിലെ മുതിര്‍ന്ന സിഐടിയു നേതാവിനെതിരെയാണ് പ്രധാന ആരോപണമുയര്‍ന്നിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ നിലവില്‍ നിയന്ത്രണമുള്ള എസ്ടിയു സംഘടനക്കെതിരെ വെല്ലുവിളി ഉയര്‍ത്തി മുതലെടുക്കാനാണ് സിഐടിയു ആദ്യം ശ്രമിച്ചതെങ്കിലും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. എസ്ടിയു ക്കാരും യുഡിഎഫ് അനുഭാവികളും മാത്രമാണ് മുമ്പ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്തിരുന്നത്. അവിടേക്ക് സിഐടിയുക്കാരെ പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് കൂട്ടയടിക്കും സംഘര്‍ഷത്തിനും കാരണമായത്.
മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയതായി മൂന്ന് സിഐടിയുക്കാരെ മാത്രമാണ് മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാന്‍ ധാരണയായത്. ഇത് സിഐടിയുവിനെ ഒറ്റുകൊടുക്കലാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ചില നേതാക്കളാണ് ഈ ഒറ്റുകൊടുക്കലിന് പിന്നിലെന്ന് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപമുയര്‍ത്തിയതോടെയാണ് പാര്‍ട്ടിയിലെ സംഘര്‍ഷം മറനീക്കി പുറത്തുവന്നത്. മുന്‍ എംഎല്‍എ എം. കുഞ്ഞമ്മദ്, സിഐടിയു നേതാവ് ടി.കെ. ലോഹിതാക്ഷന് എന്നിവര്‍ക്കെതിരെയാണ് പ്രധാന ആരോപണമെന്നാണ് പറയപ്പെടുന്നത്.
മത്സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷത്തില്‍ എട്ടോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ കഴിഞ്ഞെന്നും അര്‍ധരാത്രി പോലും പോലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തില്‍ ചിലര്‍ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. ഹോട്ടല്‍ മുതലാളിയായ സംഘടനാ നേതാവിനെ കുലംകുത്തിയെന്നാണ് ഒരു വിഭാഗം വിശേഷിപ്പിച്ചത്. കൂടെ നില്‍ക്കുന്നവനെ ചവിട്ടിതാഴ്ത്തി പണക്കാരനെ സുഖിപ്പിച്ച് കീശ വീര്‍പ്പിക്കുന്നവനെന്നും പറയുന്നു.
എന്നാല്‍ പോസ്റ്റ് ഇട്ടവരുമായി സംഘടനക്ക് ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പാനാണ് പാര്‍ട്ടി മുഖപത്രവും ഔദ്യേഗിക വിഭാഗവും ശ്രമം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: