മേപ്പയ്യൂര്‍: തുറയൂര്‍ തോലേരിയില്‍ ബിഎംഎസ് നേതാവിന്റെ വീടിന് നേരെ അക്രമം. മൂന്ന് വാഹനങ്ങള്‍ക്ക് തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ബിഎംഎസ് പയ്യോളി മേഖലാ വൈസ് പ്രസിഡന്റ് തുറയൂര്‍ തോലേരി കോഴി മനന്താട്ടില്‍ സത്യന്റെ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കെഎല്‍ 56 പി 3537 നമ്പര്‍ കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തീവെച്ച് നശിപ്പിച്ചത്. ടൂവീലര്‍ പൂര്‍ണമായും കത്തിനശിച്ചു.
കാറിന്റെ മുന്‍വശത്താണ് അക്രമികള്‍ തീയിട്ടത്. കാറും ബൈക്കും സത്യന്റെതാണ.് സ്കൂട്ടി അയല്‍വാസിയായ മോപ്പവയല് ബാലകൃഷ്ണന്റെതാണ്. സത്യന് 92-ല്‍ അയോദ്ധ്യയില്‍ കര്‍സേവകനായിരുന്നു. സുപ്രീം കോടതിയുടെ അയോദ്ധ്യാവിധിക്ക് ശേഷം കര്‍സേവകരെ അതാത് പഞ്ചായത്തുകളില്‍ ആദരിച്ചപ്പോള്‍ സത്യനെയും ആദരിക്കുകയുണ്ടായി. ഇതുസംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ കര്സേവക്ക്പോയ പ്രവര്‍ത്തകര്‍ക്കെതിരെ ചില ഇസ്ലാമിക ജിഹാദികള്‍ ഭീഷണി മുഴക്കി രംഗത്ത് വരികയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായ സംഭവം. തോലേരിയിലെ സിപിഎം ശക്തികേന്ദ്രവുമാണ് സംഭവം നടന്ന പ്രദേശം. അക്രമത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വടകര എസ്പി, ഡിവൈഎസ്പി, ഡോഗ് സ്കോഡ്, പോലീസ് വിരലടയാള വിഭാഗം എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: