കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്.
കൊച്ചിയില്‍ എത്തിച്ച ഫൈസലിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ സംഘവും കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകാനും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിനാണ് നിലവില്‍ ഫൈസലിനെ വിട്ടയച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും സ്വര്‍ണക്കടത്തിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നുമായിരുന്നു അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫൈസലിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് കാരാട്ട് ഫൈസല്‍. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്പേ നിരവധി സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: