തൊടുപുഴ: ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള പമ്പിങ് മോട്ടോര്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളുടെ ശേഖരം മോഷ്ടിച്ച കേസില്‍ നാണം കെട്ട് സിപിഎം നേതൃത്വം. സിപിഎം പന്നൂര് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ പിടിയിലായത്. ഒരാള്‍ ഒളിവിലുണ്ട്.
സംഭവത്തെ തുടര്‍ന്ന് സിപിഎമ്മിനെതിരെ സമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായ അമര്‍ഷമാണ് പ്രചരിക്കുന്നത്. കേസ് അന്വേഷണം വൈകിപ്പിച്ചത് പിന്നില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും വന്നിരുന്നു.
കഴിഞ്ഞമാസം 19ന് ആണ് കേസിന് ആസ്പദമായ സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ വിഷ്ണു ബാബു കരിമണ്ണൂരിലെ ബീവറേജ് ഔട്ടലറ്റിന്റെ വാച്ചറായി ജോലി ചെയ്തുവരികയായിരുന്നു. സിപിഎം കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ് ഐ കരിമണ്ണൂര്‍ മേഖല സെക്രട്ടറി, എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വീട്ടുടമയായ ജോണ്സണ് സംഭവമുണ്ടായതിന്റെ പിന്നാലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കൊറോണ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി അന്വേഷണം പേരിന് മാത്രമാക്കി ചുരുക്കിയിരുന്നു. ഈ വിവരം മനസ്സിലാക്കിയ ജോണ്സണ് ഇക്കാര്യം പരിചയക്കാരനായ പത്തനംതിട്ട എസ്പി കെ.ജി. സൈമണെ അറിയിച്ചിരുന്നു. ഇതിന് ശേഷം പോലീസ് അന്വേഷണം ശക്തിപ്പെടുത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
ജോണ്‍സന്റെ ഉപ്പുകുന്നിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ വളരെ പഴക്കമേറിയ പമ്പിങ് മോട്ടോര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉള്ളതായി പ്രതികള്‍ അറഞ്ഞിരുന്നു. ഒന്നാം പ്രതി പ്രശാന്ത്, സുധി, രാകേഷ്, ഒളിവില്‍ കഴിയുന്ന എല്‍ദോസ് എന്നിവര്‍ ചേര്‍ന്ന് സ്ഥലം കണ്ടെത്തി വയ്ക്കുകയും രാത്രിയില്‍ മറ്റു പ്രതികളായ സനീഷ്, വിഷ്ണു എന്നിവരെയും ഒപ്പം കൂട്ടി മോഷണം നടത്തുകയായിരുന്നു.
മോഷണ വസ്തുക്കള്‍ക്ക് ഒന്നര ലക്ഷം രൂപ വിലമതിക്കുമെന്നാണ് വീട്ടുടമ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
പത്ത് എച്ച്പി ശേഷിയുള്ള പമ്പിങ് മോട്ടോര്‍, നിരവധി ചെറിയ മോട്ടോറുകള്‍, നടരാജ വിഗ്രഹം, വാല്‍വ് റേഡിയോകള്‍, ഗ്രാമഫോണുകള്‍, പഴയ ടിവി, പഴയ മോഡല്‍ പെഡസ്ട്രിയല്‍ ഫാന്‍ തുടങ്ങി 15 ഓളം വസ്തുക്കള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു.
മോട്ടോറും മറ്റു ഉപകരണങ്ങളും അഴിച്ച് ഉള്ളിലുള്ള കോയിലുകളും മറ്റും എടുത്തശേഷം ബാക്കിയുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു. ഇടവെട്ടി കനാല്‍, ചിലവ്-കരിമണ്ണൂര്‍ റോഡ്, പന്നൂര് താമരക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി പ്രതികള്‍ ഒളിപ്പിച്ച് വെച്ചിരുന്ന പുരാവസ്തുക്കളും പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച രണ്ട് കാറും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.
ഇനിയും ചില വസ്തുക്കള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാര്‍ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: