മൂന്നാര്‍: തട്ടിപ്പുകള്‍ ചോദ്യം ചെയ്തതിന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവിന്റെ ക്വട്ടേഷന്‍. രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് സിഐടിയു നേതാവ് നടത്തിയ തട്ടിപ്പുകള്‍ ചോദ്യം ചെയ്തതുമൂലമുണ്ടായ പകയാണ് സംഭവത്തിന് പിന്നില്‍.
സിപിഎം മൂന്നാര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് ഇതേ കമ്മിറ്റിയിലെ അംഗവും സിഐടിയു ഡ്രൈവേഴ്സ് യൂണിയന് നേതാവുമായ വ്യക്തിക്കെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ സമാനമായ പാര്ട്ടിയില്പ്പെട്ടയാള് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 5 ലക്ഷം രൂപയ്ക്ക് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സംസ്ഥാന നേത്യത്വത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ അച്ചടക്കനടപടിക്ക് സാധ്യത മുന്‍കൂട്ടി കണ്ടാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് വിവരം. രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി മറിച്ചു വില്ക്കല്, പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുക വഴി സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും പണം തട്ടല്‍ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഈ സിഐടിയു നേതാവിനെതിരെ ഉയര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തതാണ് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കാന് കാരണമെന്ന് ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നു.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും തന്റെ സുഹൃത്തുമായ മൂന്നാര്‍ ചൊക്കനാട് സ്വദേശിക്കാണ് സിഐടിയു നേതാവ് രഹസ്യ ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ പിന്നീട് സിഐടിയു നേതാവും ക്വട്ടേഷന്‍ എടുത്തയാളുമായി മറ്റൊരു പണമിടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടായി. ഇതോടെയാണ് ലോക്കല്‍ സെക്രട്ടറിയെ വധിക്കാന്‍ തനിക്ക് ക്വട്ടേഷന്‍ ലഭിച്ച കാര്യം ഗുണ്ടാ നേതാവ് വെളിപ്പെടുത്തിയത്. സംഭവം പുറത്ത് വന്നതോടെ പാര്‍ട്ടിക്ക് ഈ വാര്‍ത്ത ക്ഷീണം ചെയ്തിരിക്കുകയാണ്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് പിന്നാലെ നേതാക്കള്‍ക്കിടിയിലെ ക്വട്ടേഷനും വ്യാപക അഴിമതിയുമാണ് മൂന്നാറില്‍ നിന്നും പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: