തിരുവല്ല: കിഫ്ബിയിൽ നിന്ന് കോടികൾ ചെലവഴിച്ച് നിർമാണം ആരംഭിച്ച കുറ്റൂർ കിഴക്കൻമുത്തൂർ – മുത്തൂർ റോഡ് തകർന്നു. നിർമാണം മുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിൽ. ഒരു വർഷമായി നിർമാണ പ്രവൃത്തികൾ നിലച്ച റോഡിലൂടെയുള്ള യാത്ര കഠിനം തന്നെ.കുറ്റൂരിൽനിന്ന് മനയ്ക്കച്ചിറ, കിഴക്കൻമുത്തൂർ,ചുമത്ര വഴി മുത്തൂരിലെത്തുന്നതാണ് റോഡ്.കിഫ്ബിയിൽ ഉൾപ്പെടുത്തി 25.81 കോടി രൂപയുടേതാണ് നിർമാണം.
സ്ഥലം എംഎൽഎയുടെ അനാസ്ഥ മൂലമാണ് റോഡു പണി തടസ്സപ്പെട്ടിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.റോഡിലൂടെ ജലവിതരണക്കുഴൽ സ്ഥാപിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 1.9 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. ഇതിന് അംഗീകാരമായിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു ഇടപെടലും ഉണ്ടാവാത്തതിനാൽ റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്. കാലവർഷം കൂടി കനത്തതോടെ റോഡിലൂടെയുള്ള യാത്ര ദുരിതമാണ്.വീതികൂട്ടിയെടുത്ത റോഡിലെ മെറ്റലുകൾ ഇളകി തുടങ്ങി.കൂടാതെ റോഡിൽ കുഴികളും വെള്ളക്കെട്ടുമുണ്ട്.
വെയിൽ തെളിഞ്ഞാലും യാത്ര ദുരിതം തന്നെ.വാഹനങ്ങൾ ഓടുമ്പോൾ പൊടിപടലങ്ങൾ പടരുന്നത് റോഡരികിൽ താമസിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.മഴ മാറിയാലും റോഡു പണി തുടങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. നിർമാണം തുടങ്ങുമ്പോൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നയായിരുന്നു പ്രഖ്യാപനം.കിഴക്കൻ മുത്തൂർ വരെ മാത്രമാണ് റോഡ് പണി നടക്കുന്നത്. ചുമത്ര- മുത്തൂർ ഭാഗത്തേക്ക് ഇനിയും പണികൾ ബാക്കി കിടക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നതെന്ന് അധികൃതർ പറയുന്നത്. ആകെ 12.5 മീറ്ററാണ് ദൂരം. 10 മീറ്റർ വീതിയിലാണ് നിർമ്മാണം.20 വർഷം മുമ്പ് നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡ് പണിയാനായി ഉദ്ദേശിച്ചിരുന്നു.
അന്ന് സ്ഥലമെടുക്കൽ സംബന്ധമായ തർക്കങ്ങൾ ഉയർന്നതിനാലാണ് പണി പൂർത്തിയാക്കാൻ കഴിയാതിരുന്നത്.റോഡു പണി പൂർത്തീകരിച്ചാൽ തിരുവല്ല ടൗണിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനാകും. കുറ്റൂർ ഭാഗത്തുള്ളവർക്ക് ടൗണിൽ കടക്കാതെതന്നെ പായിപ്പാട്, പുതുപ്പള്ളി, തെങ്ങണ ഭാഗങ്ങളിലേക്ക് പോകാൻ കഴിയും.കിഴക്കൻഭാഗത്തുനിന്ന് വരുന്നവർക്കും ടൗണിൽ വരാതെ കോട്ടയം ഭാഗത്തേക്കും കുറ്റൂർ ഭാഗത്തേക്കും കടക്കാനാകും. തെങ്ങണ വഴി കോട്ടയത്തുനിന്ന് വരുന്നവർക്ക് തിരുവല്ല ടൗണിൽ കയറാതെ കുറ്റൂർ വഴി ചെങ്ങന്നൂർക്ക് പോകാനും കഴിയും.ഈ വഴിയിലെ ഏക തടസമായി അവശേഷിക്കുന്നത് കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടാണ്്. അടിപ്പാതയിലൂടെയാണ് റോഡ് പോകുന്നത്. എല്ലാ വർഷക്കാലത്തും കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് വാർത്തകളിൽ നിറയാറുണ്ട്്. ഇതിനായി പല പോംവഴികളും കണ്ടെത്തിയെങ്കിലും ഒന്നും ഇതുവരെ ഫലപ്രദമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: