മല്ലപ്പള്ളി: കീഴുവായ്പൂര് പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് എസ്.ഐമാർക്ക് പരിക്കേറ്റു. കുന്നന്താനം ജങ്ഷനിൽ വച്ച് ഇന്നലെ പുലർച്ചെ ഒരു മണിയോടെ സി.പി.എം നേതാവടങ്ങിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ കീഴുവായ്പൂര് പോലീസ് സ്റ്റേഷൻ എസ്.ഐ കവിരാജിനും പ്രൊബേഷൻ എസ്.ഐ സായിസേനനും പരിക്കേറ്റു.
കുന്നന്താനം ജങ്ഷനിൽ നിന്നും മഠത്തിൽക്കാവിലേക്കുള്ള വഴിയിൽ അസമയത്ത് സംശയാസ്പദമായ രീതിയിൽ മൂവർ സംഘത്തെ കണ്ട പോലീസ് ഇവരുടേ നേർക്ക് ലൈറ്റ് തെളിക്കുകയും അടുത്തെത്തി വിവരം അന്വേഷിക്കുകയും ചെയ്തു.മുഖത്തേക്ക് ലൈറ്റടിച്ചതിൽ ക്ഷുഭിതരായ ഇവർ പോലീസിനെ അസഭ്യം വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു.
പ്രൊബേഷൻ എസ്.ഐയുടെ യൂണിഫോറം വലിച്ചുകീറുകയും മർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ തോളിനും കൈക്കും സാരമായ പരിക്കേറ്റു.എസ്.ഐ. കവിരാജിനും വയറിലും നെഞ്ചിലും മർദ്ദനമേറ്റു. ഇരുവരേയും ഉടനെ തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിയായ ആഞ്ഞിലിത്താനം ജയാഭവനിൽ ജനീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി തിരുവനന്തപുരത്തു നിന്നും ഇവിടെ വന്ന് താമസിച്ച് മത്സ്യ വ്യാപാരം നടത്തുന്ന ശ്യാം എന്നയാൾക്കെതിരെയും കേസെടുത്തു.
ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവല്ല കോടതിയിലെ അഡീഷണൽ ഗവ. പ്ലീഡറെ രാഷ്ടീയ സമ്മർദ്ദത്തെ തുടർന്ന് കേസിൽ നിന്ന് ഒഴിവാക്കിയതായിട്ടാണ് ആരോപണം. കഴിഞ്ഞ കുറേ നാളുകളായി കുന്നന്താനം പഞ്ചായത്തിന്റെ പല ഭാഗത്തും മദ്യപാനികളുടേയും സാമൂഹ്യ വിരുദ്ധരുടേയും അഴിഞ്ഞാട്ടമാണെന്ന പരാതിയിലാണ് നൈറ്റ് പട്രോളിംഗ് ശക്തമാക്കിയതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: