റാന്നി: കളക്ടറുടെ ഉറപ്പും ഫലം കാണാത്തതിനെ തുടർന്ന് ജാതി സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥിനി താലൂക്കാഫീസ് പടിക്കൽ വീണ്ടും സമരം ആരംഭിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറയിൽ ഏറം തകിടിയിൽ വിജയകുമാറിന്റെ മകൾ നേഹ.റ്റി.വി ജയൻ നാണ് റാന്നി താലൂക്കാഫീസ് പടിക്കൽ പ്ലാക്കാർഡും പിടിച്ച് സമരം ചെയ്യുന്നത്.
പ്ലസ്ടുവിനു ശേഷം ഡിഗ്രി കോഴ്‌സ് പഠനത്തിനായി കോളജിൽ സമർപ്പിക്കാനാണ് നേഹ സർട്ടിഫിക്കറ്റിനായി റാന്നി തഹസിൽദാർക്ക് അപേക്ഷ നൽ്കിയത്. എന്നാൽ സർട്ടിഫിക്കറ്റിൽ മതം എഴുതാത്തതു കാരണം സർഫിക്കറ്റ് നൽകാനാകില്ലെന്നാണ് തഹസിൽദാരുടെ മറുപടിയെന്ന് നേഹ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ തിങ്കളാഴ്ച നേഹയും കുടുംബവും താലൂക്കാഫീസിന്റെ പടിക്കൽ സമരം നടത്തി .ഇതറിഞ്ഞ കളക്ടർ ബുധനാഴ്ച അഞ്ചു മണിക്ക് മുൻപായി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായി നേഹ പറയുന്നു.
കളക്ടർ പറഞ്ഞ സമയം കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനാലാണ് വ്യാഴാഴ്ച വീണ്ടും സമരമാരംഭിച്ചത്.2017ൽ റാന്നി താലുക്കാഫീസിൽ നിന്നും ലഭിച്ച ജാതി സർട്ടിഫിക്കറ്റ് തെളിവായി കാണിച്ചു കൊടുത്തിട്ടും തഹസിൽദാർ സർട്ടിഫിക്കറ്റ് തരാൻ കൂട്ടാക്കുന്നില്ലെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം. ഇക്കാരണത്താൽ തന്റെ പഠനം മുടങ്ങുമെന്നും നേഹ പറയുന്നു.എന്നാൽ ഒരു മതത്തിലും ഉൾപ്പെടാത്തവർക്ക് നിയമ പ്രകാരം സർക്കാർ ഫോമിൽ ജാതി സർട്ടിഫിക്കറ്റ് കൊടുക്കാൻ കഴിയില്ലെന്നും ഹിന്ദു മത വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് പട്ടികജാതി സർട്ടിഫിക്കറ്റ് നൽകുന്നതെന്നും തഹസിൽദാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: