ആറന്മുള: പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയുടെ പേരിൽ സംസ്ഥാനത്ത് വായ്‌പ ലഭ്യമാക്കാമെന്ന വാഗ്ദാനം നൽകി കോടികളുടെ വായ്‌പത്തട്ടിപ്പ്. നിരവധി പേർക്ക് സബ്‌സിഡിയോടെ വായ്‌പ നൽകാമെന്ന് പറഞ്ഞാണ് നൂറുകണക്കിനു പേരിൽ നിന്നായി കോടികൾ പിരിച്ചത്. തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് ഇതിലേറെയും.
ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 25 ലക്ഷം വരെ വായ്‌പ. തിരിച്ചടയ്‌ക്കേണ്ട തുകയിൽ 35 ശതമാനം വരെ സബ്‌സിഡി എന്നിവ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയുടെ പ്രത്യേകതയാണ്. സാധാരണക്കാരെ വേഗത്തിൽ ആകർഷിക്കുന്ന ഈ ഘടകങ്ങളാണ് തട്ടിപ്പിനു ഉപയോഗിച്ചത്. വായ്‌പ തരപ്പെടുത്താൻ പ്രാരംഭ പ്രവൃത്തികൾക്ക് 15,000 രൂപ മുതൽ 20,000 വരെ പിരിച്ചു. 2019 ആഗസ്റ്റിലായിരുന്നു തുടക്കം.
ഖാദി ഗ്രാമ വ്യവസായ ബോർഡ്, സംസ്ഥാന വ്യവസായ വകുപ്പ് , ഖാദി കമ്മീഷൻ എന്നിവ നോഡൽ ഏജൻസിയായി പ്രവർത്തിച്ചാണ് വായ്‌പ നൽകിവരുന്നത്. എന്നാൽ ബോർഡുമായോ , ബാങ്കുകളുമായോ ബന്ധവുമില്ലാത്തവരാണ് ഏജന്റുമാർ മുഖേന ആളുകളെ കണ്ടെത്തി പണം പിരിച്ചെടുത്തത്. ഖാദി ഓഫീസുകളിൽ ലോൺ അപേക്ഷയ്‌ക്കായി എത്തുന്നവരെ ബോർഡ് ജീവനക്കാർ ഇടനിലക്കാരുടെ അടുത്തേക്ക് പറഞ്ഞു വിടുന്നതാണ് തട്ടിപ്പിന് വഴിമരുന്നിടുന്നത്.
പത്തനംതിട്ടയ്‌ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം കോട്ടയം എന്നിവിടങ്ങളിലും തട്ടിപ്പു നടന്നിട്ടുണ്ട്. തിരുവനന്തപുരം പൂവാർ സ്വദേശികളായ രണ്ടുപേരാണ് തട്ടിപ്പിന്റെ സൂത്രധാരർ. പത്തനംതിട്ട വെച്ചൂച്ചിറയിൽ മാത്രം 35 പേർക്ക് പണം നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ.ജി. സൈമൺ പറഞ്ഞു.
വായ്‌പ ലഭ്യമാക്കി, പുത്തൻ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കു എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് ഉണ്ടായത്. ഇരയാക്കപ്പെട്ടത് സ്ത്രീകളും കുറഞ്ഞ വരുമാനക്കാരുമാണ്. പത്തനംതിട്ടയിൽ മാത്രം 4 കോടി രൂപയുടെ തട്ടിപ്പ് ഉണ്ടായെന്നാണ് വിലയിരുത്തൽ. ഖാദി ബോർഡ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: