കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തില്‍ സ്വര്‍ണം വാങ്ങാന്‍ പണം നിക്ഷേപിച്ചവരില്‍ പ്രമുഖന് കാരാട്ട് ഫൈസലിനെ കസ്റ്റംസ് പിടികൂടി. പുലര്‍ച്ചെ വീടുവളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു വിനിയോഗിച്ച സ്വര്‍ണക്കള്ളക്കടത്ത് ഹവാലാ ഇടപാടുകളില്‍ പ്രധാനിയാണ് സിപിഎം നേതാവുകൂടിയായ ഫൈസലെന്ന് കസ്റ്റംസ് കണ്ടെത്തി.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിച്ച സ്വര്‍ണക്കടത്തിടപാടില്‍ കക്ഷികളില്‍നിന്ന് പണം സംഘടിപ്പിച്ചത് ഫൈസലാണ്. വിദേശത്തുനിന്ന് സംഭരിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയതും ഇയാളുടെ കൂട്ടു സംഘമാണ്. ഇയാളുടെ കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലും ആശുപതി ഉള്‍പ്പെടെ സ്ഥാപനങ്ങളിലും നിന്ന് രേഖകള്‍ റെയ്ഡില്‍ പിടിച്ച് കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ കൊണ്ടുവന്നു. ഇവിടെ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.
കൊടുവള്ളി നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ കൗണ്‍സിലറും, ഉന്നത സിപിഎം നേതാക്കളുടെ സന്തതസഹചാരിയുമാണ് കാരാട്ട് ഫൈസല്‍. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ്. ഇയാളുടെ ആഡംബരക്കാറായ മിനി കൂപ്പറിലാണ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് 2017 ല്‍ പാര്‍ട്ടിയുടെ ‘ജനജാഗ്രതാ യാത്ര നടത്തി വിവാദമുണ്ടാക്കിയത്.
ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ പല ഉന്നതരിലേക്കും അന്വേഷണം എത്തിക്കാന്‍ കഴിയുമെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന്റെ മൊഴിയിലാണ് ഫൈസലിന് ഈ സ്വര്‍ണക്കടത്തിലെ ബന്ധം തിരിച്ചറിഞ്ഞത്. മുമ്പ് പലവട്ടം വന്‍ തോതില്‍ സ്വര്‍ണം കടത്തിയതിന് ഫൈസല്‍ പിടിയിലായിട്ടുണ്ട്. കോടികള്‍ പിഴയൊടുക്കി രക്ഷപ്പെടുകയും ഇടപാട് തുടരുകയുമായിരുന്നു.
കോണ്‍സുലേറ്റ് വഴി ആദ്യം കടത്തിയ 80 കിലോ സ്വര്‍ണത്തില്‍ അധികവുമെത്തിയത് കാരാട്ട് ഫൈസലിനാണ്. സ്വര്‍ണം വാങ്ങാന്‍ ഫൈസല്‍ ഇടപാടു സംഘത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് കണ്ടെത്തി. ഒരു എംഎല്‍എയുടെ അനുയായിയായി സ്വര്‍ണക്കടത്ത് രംഗത്തേക്ക് എത്തിയ ഫൈസല്‍ വലിയ സാമ്രാജ്യം തന്നെ സൃഷ്ടിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് ആസൂത്രണം, പണസമാഹരണം, വില്‍പ്പന, എതിര് സംഘങ്ങളെ ഒതുക്കല്‍ തുടങ്ങി ആദ്യാവസാന കാര്യങ്ങളില്‍ മുഖ്യ പങ്ക് ഫൈസലിനുണ്ട്. വിദേശത്തു നിന്ന് സ്വര്‍ണമെത്തിക്കാന്‍ കെ.ടി. റമീസിന് പണം ലഭ്യമാക്കിയത് ഏറെയും കാരാട്ട് ഫൈസലാണ്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ്് വിഭാഗമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: