രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് ഇന്ന് ആഗോളതലത്തില്‍ പ്രസക്തിയേറുകയാണ്. ലോകജനത ഇന്ന് അവരുടെ പ്രശ്നങ്ങള്‍ക്ക് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ നിന്ന് പരിഹാരം തേടുന്നു. ആയുധ കിടമത്സരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലോകം ഇപ്പോള്‍ ഗാന്ധിചിന്തകളില് വിശ്വാസമര്‍പ്പിക്കുന്നു. ഗാന്ധിചിന്തകള്‍ ലോകത്ത് കൂടുതല്‍ ആഴത്തില്‍ വേരൂന്നൂകയാണ്. യുദ്ധങ്ങള്‍ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ലോകമെമ്പാടും സംഭവിച്ച അക്രമോത്സുകമായ വിപ്ലവങ്ങള്‍ നമ്മെ എവിടേയും എത്തിച്ചില്ലെന്ന സത്യം ഇപ്പോള്‍ മനസിലാക്കുന്നു.സത്യാഗ്രഹവും അഹിംസയുമാണ് ഏറ്റവും നല്ല പാതയെന്ന് കാലം തെളിയിച്ചു. വ്യകതികളായാലും സ്ഥാപനങ്ങളായാലും രാജ്യങ്ങളായാലും, വിയോജിപ്പ് പ്രകടിപ്പിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും മെച്ചപ്പെട്ടതും മനുഷ്യത്വപരവുമായ ഒരു ബദല്‍ മാര്‍ഗമുണ്ടെന്ന് ഇപ്പോള്‍ ലോകം മനസ്സിലാക്കുന്നു.
പരിസ്ഥിതി സംരക്ഷണം ആഗോളതലത്തില്‍ സമൂഹത്തിന്റെ മുന്‍ഗണനയായി മാറിയിരിക്കുന്നു. പരിസ്ഥിതി നാശത്തിനെതിരെ ബുദ്ധിജീവികളും പരിസ്ഥിതി പ്രവര്‍ത്തകരും ലോകത്തിന്റെ പല ഭാഗങ്ങളിലും തെരുവിലിറങ്ങുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിവളരെ മുമ്പ് തന്നെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.ബാപ്പുജിയുടെ ജീവിതകാലത്ത് പരിസ്ഥിതി എന്ന പദം പ്രചാരത്തിലുണ്ടായിരുന്നില്ലെങ്കിലും, ഭാവിയെക്കുറിച്ചും ഇന്ന് നാം അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാടാണ് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ കാണുന്നത്. ”എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടതെല്ലാം ഭൂമിയില്‍ ഉണ്ടെങ്കിലും ആരുടേയും അത്യാഗ്രഹത്തിന് അത് പര്യാപ്തമല്ല” എന്ന് ഗാന്ധിജി വിശ്വസിച്ചു. ‘സ്വാസ്ഥ്യ കി കുഞ്ചി’ എന്ന ലേഖനത്തില്‍ ശുദ്ധവായുവിനെ സംബന്ധിച്ച തന്റെ അഭിപ്രാ
യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.മൂന്ന് തരം പ്രകൃതി ചേരുവകള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നു.വായു, ജലം, ഭക്ഷണം എന്നിവയാണവ . അവയില്‍ ശുദ്ധവായുവാണ് ഏറ്റവും പ്രധാനം. ചര്‍ക്ക ഉപയോഗിച്ച് നൂല് നൂക്കാനും കൈകൊണ്ട് നെയ്ത വസ്ത്രം ധരിക്കാനും ഗാന്ധിജി ഇന്ത്യക്കാരെ പ്രചോദിപ്പിച്ചു. സ്വദേശി മനോഭാവം ഉണര്‍ത്തുക മാത്രമല്ല, തുണി മില്ലുകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ കുറയ്ക്കുക എന്നതും ഇതിന്റെ പിന്നിലെ ലക്ഷ്യമായിരുന്നു.
ഗ്രാമവികാസത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു ഗാന്ധിജി. ഗ്രാമങ്ങളുടെ അഭിവൃദ്ധിക്കായി വാദിച്ച ഗാന്ധിജി 1946 ല്‍ ഹരിജന്സേവകില് എഴുതി. ‘ഗ്രാമപ്രദേശങ്ങളിലെ ഉത്പന്നങ്ങള്‍ ഗ്രാമങ്ങള്‍ക്കു പുറത്തും വിലമതിക്കുന്ന തരത്തില്‍ കലയുടെയും നൈപുണ്യത്തിന്റെയും വികാസം ഗ്രാമങ്ങളില്‍ ഉണ്ടാകണം’. ഒരു വശത്ത്, സ്വാതന്ത്ര്യത്തിനായുള്ള അഹിംസയിലൂന്നിയ പോരാട്ടത്തിലായിരുന്നു ഗാന്ധിജി. മറുവശത്ത് തന്റെ സൃഷ്ടിപരമായ പദ്ധതികളിലൂടെ ഭാരതത്തിന്റെ ചിതറിക്കിടന്നിരുന്ന അടിസ്ഥാന ഘടകങ്ങളെ സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചു.
ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് വിദ്യാഭ്യാസത്തിന്റെ പങ്ക് ഗാന്ധിജി വിലമതിച്ചു. 1917 ല്‍ ചമ്പാരന്‍ സത്യാഗ്രഹ കാലയളവില്‍, ബര്ഹര്വര ലഖാന്സെനില് ആദ്യ പ്രാഥമിക വിദ്യാലയത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഒരു മനുഷ്യന് ബുദ്ധിയോ ശരീരമോ മാത്രമല്ല. ഒരു ഹൃദയമോ ആത്മാവോ മാത്രവുമല്ല, എന്ന് അദ്ദേഹം 1937 മെയ് 8 ന്, വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി ‘ഹരിജനി’ ല്‍ എഴുതി. ഇവയുടെ ശരിയായ അനുപാതത്തിലുള്ളതും ദൃഢവുമായ സംയോജനമാണ് ഒരു പൂര്‍ണ മനുഷ്യന് വേണ്ടത്. ഇതാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം.
സ്വദേശി പ്രസ്ഥാനത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തവും ശക്തവുമായ രാജ്യമായി മാറാന്‍ കഴിയൂ. ഇന്ന്, സ്വദേശിവല്‍ക്കരണത്തില്‍ ഭാരതം മുന്നേറ്റം സൃഷ്ടിക്കുകയാണ്. ഇത് ചെറുകിട വ്യവസായങ്ങള്‍ക്ക് വളര്‍ന്ന് വികസിക്കാനുള്ള അവസരമൊരുക്കും. ഇതിലൂടെ വിദൂര, ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനതയ്ക്കും സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കാനാകും. സ്വദേശിവല്‍ക്കരണത്തിലൂടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനാണ് ഗാന്ധിജി ആഗ്രഹിച്ചത്. ദീര്‍ഘനാളുകള്‍ക്ക് ശേഷം, നാം ആ ദിശയില്‍ മുന്നേറ്റം തുടങ്ങിയിരിക്കുന്നു. ഇത് ശുഭകരമായ ഫലത്തിനും തുടക്കം കുറിച്ചിരിക്കുന്നു. ജനങ്ങള്‍ ഹൃദയം കൊണ്ട് സ്വീകരിച്ച ഒരു പ്രവണതയായി സ്വദേശിവല്‍ക്കരണം ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.
ഗ്രാമനവീകരണത്തിന് ശുചിത്വം പരിഗണിച്ചില്ലെങ്കില്‍, നമ്മുടെ ഗ്രാമങ്ങള്‍ കുപ്പത്തൊട്ടികളായി അവശേഷിക്കുമെന്ന് ഗാന്ധിജി പറയുമായിരുന്നു. നഗരങ്ങളിലെ മാലിന്യത്തെപ്പറ്റിയും ഗാന്ധിജി ജാഗ്രത പുലര്‍ത്തിയിരുന്നു. പാശ്ചാത്യരില്‍ നിന്നും നമുക്ക് പഠിക്കാനാവുന്നത്, നഗരങ്ങളുടെ വൃത്തിയാണെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. ഗാന്ധിജിയുടെ ഈ ചിന്തയെ നാം സ്വാംശീകരിക്കേണ്ടിയിരിക്കുന്നു. ഗാന്ധിജിയുടെ ചിന്തകള്‍ അനശ്വരമാണ്. തന്റെ ആശയങ്ങളെ പ്രായോഗിക തലത്തില്‍ അദ്ദേഹം പരീക്ഷിച്ചിരുന്നുവെന്നതാണ് ഇതിന്റെ പ്രധാന കാരണം. അദ്ദേഹത്തിന്റെ പ്രസക്തി കാലാന്തരങ്ങളോളം നില നില്ക്കും.
പ്രഹഌദ് സിംഗ് പട്ടേല്‍
സഹമന്ത്രി കേന്ദ്ര സാംസ്കാരിക,
വിനോദ സഞ്ചാരവകുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: