കരുനാഗപ്പള്ളി: ലൈഫ്മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടുസംബന്ധിച്ച സിബിഐ അന്വേഷണത്തെ സി പിഎമ്മും മുഖ്യമന്ത്രിയും മന്ത്രിമാരും എതിര്‍ക്കുന്നത് മടിയില്‍ കനം ഉള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ ബിജെപി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ ഭവനനിര്‍മാണത്തില്‍ പോലും കോടികളുടെ അഴിമതി കാണിക്കുന്ന ഇടതുസര്‍ക്കാര്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാനും അതുവഴി സിബിഐ അന്വേഷണം അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള സമരം കടുതല്‍ ശക്തമായി ബിജെപി തുടരും. മുഖ്യമന്ത്രിയുടെ ഭീഷണിക്ക് വഴങ്ങി സമരം അവസാനിപ്പിച്ച യുഡിഎഫും പ്രതിപക്ഷ നേതാവും അഡ്ജസ്റ്റന്റ് സമരത്തിലാണെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തി.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനസെക്രട്ടറി രാജിപ്രസാദ്, ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്, ജില്ലാ സെക്രട്ടറിമാരായ വെറ്റമുക്ക് സോമന്, വി.എസ്. ജിതിന് ദേവ്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. പ്രതാപന്, എസ്. ശരത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊല്ലത്തുനടന്ന പ്രതിഷേധ സമരത്തിനിടെ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്. ശംഭുവിനെ എം.ടി. രമേശ് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: