ആലുവ: ഒന്നര മാസത്തോളം പൂട്ടിയിട്ട ശേഷം തുറന്ന ആലുവ മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ കൊറോണ മാനദണ്ഡം ലംഘിക്കുന്നതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസും റവന്യു വകുപ്പും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. നിയമം ലംഘിച്ച 12 കച്ചവടക്കാര്‍ക്ക് പിഴയിട്ടു.
ഇന്നലെ ഉച്ചയോടെ ആലുവ തഹസില്‍ദാര്‍ പി.എന്‍. അനി, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എന്‍. സുരേഷ് കുമാര്‍, എസ്ഐ ജെര്‍ട്ടീന ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്ക്കായുള്ള രജിസ്റ്റര്‍, സാനിറ്ററൈസര്‍ എന്നിവയില്ലെന്നും ആരോപിച്ച് ചിലര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പൊലീസ് – റവന്യു സംയുക്ത പരിശോധന നടന്നത്.
പച്ചക്കറി മാര്‍ക്കറ്റിലും പഴയ മാര്‍ക്കറ്റിലുമായി ഇരുപതോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോഴാണ് 12 പേര്‍ക്കെതിരെ 500 രൂപ വീതം പിഴയിട്ടത്. കൊറോണ രോഗ വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 41 ദിവസം പൂട്ടിയിട്ട ശേഷം ആഗസ്ത് 19നാണ് പച്ചക്കറി – മത്സ്യ മാര്‍ക്കറ്റ് ഉപാധികളോടെ തുറന്നത്. 24 മുതലാണ് ചില്ലറ വ്യാപാരം ആരംഭിച്ചത്. വാഹനങ്ങളില്‍ നിന്നും ചരക്കിറക്കുന്നതിനും കടകള്‍ തുറക്കുന്നതിനും വരെ നിയന്ത്രണങ്ങളുണ്ടായിരുന്നു.
കൊറോണ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നറിയാന്‍ വ്യാപാരി യൂണിയന് പ്രതിനിധികളടങ്ങുന്ന 12 അംഗ ജാഗ്രത സമിതിയുണ്ടാക്കി. എന്നാല്‍, മാര്‍ക്കറ്റ് തുറന്ന് ഒന്നര മാസം പിന്നിട്ടതോടെ നിയന്ത്രണങ്ങളെല്ലാം കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും ലംഘിക്കുന്നതായാണ് പരാതി. മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് സിഐ എന്‍. സുരേഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: