തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ സംരംഭകരില്‍ നിന്ന് വായ്‌പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍/ വനിതാ സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്കാണ് വായ്‌പ ലഭിക്കുക. അപേക്ഷകര്‍ 18നും 55നും മദ്ധ്യേ പ്രായമുള്ളവരും കുറഞ്ഞത് എട്ടാം ക്ലാസ് പാസായിട്ടുള്ളവരുമായിരിക്കണം. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ മാത്രമേ പരിഗണിക്കൂ.
പദ്ധതിയില്‍ വായ്‌പയ്‌ക്കായി പരിഗണിക്കുന്ന അര്‍ഹരായ സംരംഭകര്‍ക്ക് മൊത്തം പദ്ധതി തുകയുടെ പരമാവധി 35 ശതമാനം വരെ വായ്‌പാ ബന്ധിത സബ്സിഡിയായി അനുവദിക്കും. മൊത്തം പദ്ധതി തുകയില്‍ കുറഞ്ഞത് 10 ശതമാനം വരെ സംരംഭകര്‍ ഗുണഭോക്തൃ വിഹിതമായി അടയ്‌ക്കണം. ശേഷിക്കുന്ന തുക വായ്‌പയായി അനുവദിക്കും. പദ്ധതിയുടെ നിബന്ധനകള്‍ പാലിക്കുന്ന അപേക്ഷകരെ മാത്രമേ വായ്‌പയ്‌ക്കായി പരിഗണിക്കൂ.
യോഗ്യരായ സംരംഭകര്‍ക്ക് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വായ്‌പ അനുവദിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം
















