കോഴിക്കോട് : മെഡിക്കല്‍ കോളേജ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ഏരിയ സെക്രട്ടറി ഇ. പത്മാക്ഷനെയാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. മേരി മാതാ എഡ്യൂക്കേഷണല്‍ ട്രസ്റ്റിലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പിലെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പത്മാക്ഷനെ ചോദ്യം ചെയ്യുന്നത്.
കേസില്‍ പ്രതിയായ ട്രസ്റ്റ് ചെയര്മാന് സിബി വയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്മാക്ഷനെ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചതെന്നാണ് സൂചന. കോഴിക്കോട് ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. സീറ്റ് തട്ടിപ്പ് നടത്തിയ ട്രസ്റ്റുമായി പത്മാക്ഷന് ബന്ധമുണ്ടെന്ന സംശയത്തിലാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസില്‍ പിടിയിലായ സിബി വയലിന്റെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്തിനെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ആര്യാടന് ഷൗക്കത്തിനെ ചോദ്യം ചെയ്തത്.
മെഡിക്കല്‍ എന്‍ജിനീയറിങ് സീറ്റുകള്‍ വാഗ്ദാനംചെയ്ത് ഒടുവില്‍ പണവും സീറ്റും നല്കാതിരുന്നതിനാല് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സിബി വയലില്‍. കഴിഞ്ഞദിവസമാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്. സിബി പല ആളുകളില്‍നിന്നായി വാങ്ങിയ പണം എന്തുചെയ്തു എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരിലേക്കും ചോദ്യംചെയ്യല്‍ നീണ്ടിരിക്കുന്നത്.
അതേസമയം സിപിഎം നേതാവിനൊപ്പം നിലമ്പൂരിലെ വ്യവസായി മന്‍സൂറിന്റെയും മൊഴി എടുക്കുന്നുണ്ട്. കൂടാതെ കോളേജിലെ പരിപാടികള്‍ സ്പോണ്സര് ചെയ്തതുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയിലെ മറ്റു ചില നേതാക്കളെയും ഇ ഡി അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: