മുണ്ഡകോപനിഷത്ത് പറയുന്നു:
ഭിദ്യതേ ഹൃദയഗ്രന്ഥി-
ശ്ഛിദ്യന്തേ സര്‍വ്വസംശയാഃ
ക്ഷീയന്തേ ചാസ്യ കര്‍മ്മാണി
തസ്മിന് ദൃഷ്ടേ പരാവരേ (9)
(പരവും അവരവുമായ നിലയില്‍ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍, ഹൃദയത്തിന്റെ അവിദ്യാവാസനകളാകുന്ന കെട്ടുകളെല്ലാം പൊട്ടിപ്പോകുന്നു, എല്ലാ സംശയങ്ങളും തീരുന്നു, അവന്റെ എല്ലാ കര്‍മങ്ങളും ക്ഷയിക്കുകയും ചെയ്യുന്നു.)
മനുഷ്യലോകത്തില്‍ മരണം സാര്‍വത്രികമാണ്. സാധാരണരീതിയില്‍ത്തന്നെ അനേകം ആളുകള്‍ ദിവസവും മരിക്കുന്നു. എന്നാല്‍ ഒരു ഭൂകമ്പമോ വെള്ളപ്പൊക്കമോ പകര്‍ച്ചവ്യാധിയോ ഉണ്ടാകുമ്പോള്‍ കുറേ ജനങ്ങള്‍ ഒരേ കാരണംകൊണ്ടു കുറഞ്ഞ കാലത്തില്‍ മരിക്കുമ്പോള്‍ അത് ആളുകളെ അമ്പരപ്പിക്കുന്നു, അസ്വസ്ഥരാക്കുന്നു, പേടിപ്പിക്കുന്നു. അതുപോലൊരു സംഭവവികാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസിന്റെ ആക്രമണം.
ഇതൊരു ലോകപ്രശ്നമായിരിക്കുന്നു. എന്നാല്‍ വൈറസ് പോയാല്‍ നാം മരിക്കാതിരിക്കുമോ. ഇല്ല. മരണത്തെ നാം ഏതു നിമിഷവും അഭിമുഖീകരിക്കുന്നുണ്ട്. ഓരോരുത്തരും അതിലേക്കുതന്നെയാണ് നീങ്ങുന്നത്. അതുകൊണ്ടാണ് മരണത്തിനുവേണ്ടി തയ്യാറെടുക്കുന്നതു നല്ലതാണെന്ന് ശ്രീരാമകൃഷ്ണന് ഉപദേശിക്കുന്നത്.
എന്നുവെച്ചാല്‍, കുട്ടികളെയെല്ലാം നല്ല നിലയിലെത്തിച്ച്, കടമെല്ലാം തീര്‍ത്ത് മരണത്തിനായി കാത്തിരിക്കുക എന്നല്ല. മരണത്തെ മറികടക്കാനായി തയ്യാറെടുക്കുക എന്നാണ് അതിന്റെ അര്‍ഥം. അതായത് തപസ്സു ചെയ്ത് ഉള്ളിലുള്ള മരണമില്ലാത്ത ആത്മാവിനെ അനുഭവിച്ച് അമരത്വം പ്രാപിക്കുക. ആത്മാവില്‍ സ്ഥിതിചെയ്യണം; ദേഹത്തിലല്ല നാം സ്ഥിതിചെയ്യേണ്ടത്. നാം മാറുന്ന ദേഹമല്ല, മാറാത്ത ആത്മാവാണ്; അതുകൊണ്ട് ആത്മാവില്‍ കുടികൊള്ളുക, ആത്മാരാമനാകുക. ശരീരം നാം പറയുന്നതു പലപ്പോഴും കേള്‍ക്കുന്നില്ലെന്നു നമുക്കറിയാം. ഓടണമെന്നു തോന്നുന്നു; ദേഹത്തിനു ബലമില്ലെങ്കില്‍ ഓടാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആത്മജ്ഞാനം അത്യാവശ്യമാണ്. ആഹാരവും വെള്ളവും പോലെത്തന്നെ അത്യാവശ്യമാണ്. അതില്ലാതെ നമുക്കു ശാന്തിയോ ജ്ഞാനമോ ആനന്ദമോ ഉണ്ടാകില്ല. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: