കുന്നത്തൂര്‍: ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ഡാം നവീകരിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഒരോ തവണയും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കോടികളാണ് ഡാം നവീകരണത്തിനായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ നവീകരണം മാത്രം ഇതുവരെയും യാഥാര്‍ഥ്യമായില്ല.
പാതിരിക്കലില്‍ പള്ളിക്കലാറിന് കുറുകെ നിര്‍മിച്ച ഡാമിന് ഒരുനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഓണമ്പിള്ളി, ആനയടി, കൊച്ചുപുഞ്ച തുടങ്ങിയ ഏലാകളില്‍ വേനല്‍ക്കാലത്ത് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിയിരുന്നത് ഇവിടെ നിന്നുമാണ്. ഡാമില്‍ വെള്ളം തടഞ്ഞുനിര്‍ത്തി ചാലുകള്‍വഴി ഏലാകളിലേക്ക് തിരിച്ചുവിടുകയാണ് രീതി. കൂടാതെ പാതിരിക്കല്‍, ആനയടി, പാറക്കടവ് നിവാസികള്‍ നടപ്പാതയായും ഇത് ഉപയോഗിക്കുന്നു.
കാലപ്പഴക്കത്താല്‍ ഡാമിന്റെ സംരക്ഷണഭിത്തിയും തൂണുകളും തകര്‍ച്ചയിലാണ്. സംരക്ഷണഭിത്തിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തൂണുകളില്‍ വിള്ളല്‍ വീണു. പലകകളാണ് ഇപ്പോഴും ഷട്ടറിനായി ഉപയോഗിക്കുന്നത്. ഇവ ദ്രവിച്ച നിലയിലാണ്.
ഡാമിന്റെ ചോര്‍ച്ച കാരണം പൂര്‍ണമായ തോതില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ല. അതിനാല്‍ ചാലുകള്‍വഴി വെള്ളം കാര്യമായി ഏലാകളിലേക്ക് എത്തുന്നില്ല. എന്‍.കെ. പ്രേമചന്ദ്രന് ജലവിഭവ മന്ത്രിയായിരുന്നപ്പോഴാണ് ഡാം
നവീകരണത്തിനായി ഒന്നേകാല്‍ കോടി രൂപ അനുവദിച്ചത്. റെഗുലേറ്ററി കം ബ്രിഡ്ജ് രീതിയിലാകും നിര്‍മാണമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ഒന്നും നടന്നില്ല.
നിലവില്‍ നടപ്പാതയായി ഉപയോഗിക്കുന്ന ഡാം റെഗുലേറ്ററി കം ബ്രിഡ്ജ്ജ് ആയി നിര്‍മിച്ചാല്‍ ഇരുകരകളിലെയും ജനങ്ങളുടെ ഗതാഗതസൗകര്യവും വര്‍ദ്ധിക്കും.
ഡാം നവീകരിക്കുന്നതിനും പുതിയ പാലം നിര്‍മിക്കുന്നതിനുമായി സാധ്യതാ പഠനം പൂര്‍ത്തിയാക്കി ഡിപിആര്‍ സമര്‍പ്പിച്ചതായും തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: