കൊല്ലം: പതിമ്മൂന്നു വയസ്സുള്ള മകളെ അഞ്ചുവര്‍ഷം ലൈംഗികമായി പീഡിപ്പിച്ചുവന്ന പിതാവിനെ 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴ ഒടുക്കാതിരുന്നാല്‍ മൂന്നുമാസംകൂടി അധിക കഠിനതടവിനും ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ഉത്തരവായി.
ക്ലാസ്സില്‍ ശ്രദ്ധിക്കാതെയും എപ്പോഴും വിഷാദവതിയുമായി കണ്ട കുട്ടിയെ ക്ലാസ് ടീച്ചര്‍ കൗണ്‍സിലിംഗിന് അയച്ചപ്പോഴാണ് കുട്ടി പീഡന വിവരം കൗണ്‍സിലറോട് പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കുന്നിക്കോട് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര വനിതാ സെല്‍ എഎസ്ഐ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുന്നിക്കോട് എസ്ഐ ബിപിന്‍ പ്രകാശ് രജിസ്റ്റര്‍ ചെയ്ത് പത്തനാപുരം ഇന്‍സ്പെക്ടര്‍ എം. അന്‍വര്‍ അന്വേഷിച്ച് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഇരയായ കുട്ടിക്ക് കുട്ടിക്കാലം മുതല്‍ അച്ഛനെ പേടിയും ഭയവുമായിരുന്നു. മദ്യപിച്ചുവന്ന് ഉപദ്രവിക്കുന്നതു കൊണ്ടാണ് കുട്ടിക്ക് അച്ഛനെ പേടി എന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും കരുതിയിരുന്നത്. ബാലികയെ മൂന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന 2012 മുതല്‍ ലൈംഗികമായി ശല്യംചെയ്യുമായിരുന്ന പ്രതി ബാലിക ആറാം ക്ലാസ്സിലായിരുന്ന 2015 മുതല്‍ 2017 ആഗസ്ത് 21 വരെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
ഒന്നു മുതല്‍ 12 വരെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയും ഒന്നു മുതല്‍ 14 വരെ രേഖകള്‍ ഹാജരാക്കിയും പ്രതിക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനായി. പോക്സോ നിയമപ്രകാരം പ്രതിയെ പത്തുവര്‍ഷത്തെ കഠിനതടവിനും അമ്പതിനായിരം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പിഴത്തുക മുഴുവനായും ഇരയായ കുട്ടിക്ക് അനുവദിച്ചും അധികമായ നഷ്ടപരിഹാരം കുട്ടിക്ക് അനിവാര്യമെങ്കില്‍ അത് അനുവദിക്കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. സുഹോത്രന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: