വൊര്‍ക്കാടി: ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് തട്ടിപ്പറിക്കാന്‍ നടത്തിയ ശ്രമം വിവാദമായതോടെ വൊര്‍ക്കാടി പഞ്ചായത്തില്‍ മുന്നണികള്‍ തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. അതേ സമയം പ്രശ്നത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറും കക്ഷി ചേര്‍ന്നതായി ബിജെപി ആരോപിച്ചു.
ദേശീയ തൊഴിലുറപ്പ് ഫണ്ടില്‍ നിന്ന് 4,92,000 രൂപ ചെലവഴിച്ച് മുഗുളി-സൊടങ്കൂര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഈ വര്‍ഷം ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പണി തുടങ്ങും മുമ്പ് അടങ്കല്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കരാറുകാരന് കൈമാറുകയും ചെയ്തു. ബാക്കി വന്ന പണം നല്‍കുന്നതിന് ബില്ലെഴുതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിജിറ്റല്‍ ഒപ്പിട്ട് പണം നല്കാന് ശ്രമിക്കുന്നതിനിടയില്‍ പഞ്ചായത്തിലെ ബിജെപി സ്വതന്ത്ര അംഗങ്ങള്‍ കൃത്രിമത്തെക്കുറിച്ച് ബിഡിഒക്ക് പരാതികൊടുത്തു. ബിഡിഒ സ്ഥലം സന്ദര്‍ശിക്കുകയും പഞ്ചായത്ത് ഓഫീസില്‍ നിന്ന് കൃത്രിമ രേഖകള്‍ കണ്ടെത്തുകയും ചെയ്തു.
റോഡിന് വേണ്ടി ആകെ ഒരു ലോഡ് ജല്ലി മാത്രമേ ഇറക്കിയിട്ടുണ്ടായിരുന്നുള്ളു. പണിയെടുക്കാതെ പണം തട്ടിമാറ്റാന്‍ കൂട്ടുനിന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയറെയും ഓവര്‍സിയറെയും ബിഡിഒ സസ്പെന്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പിനെതിരെ നിയമ നടപടിയെടുക്കേണ്ടിയിരുന്ന ബിഡിഒ കരാറുകാരനെക്കൊണ്ട് നാലു ദിവസം കൊണ്ട് വിവാദ റോഡ് കോണ്‍ക്രീറ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
തട്ടിപ്പിന് വെള്ള പൂശാന്‍ കൂട്ടുനിന്ന ബിഡിഒക്കെതിരെ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും അധികൃതരോട് ബിജെപി ആവശ്യപ്പെട്ടു. ഇതിനിടയില്‍ അഴിമതിക്ക് ഒത്താശ ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം അംഗമായ വാര്‍ഡ് മെമ്പര്‍ക്കുമെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് ആരോപണമുന്നയിക്കുന്ന ഇടത്-വലത് മുന്നണികള്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെ ഇവര്‍ സമരരംഗത്ത് നിന്ന് പിന്തിരിഞ്ഞിരിക്കുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് യുഡിഎഫ് അംഗങ്ങള്‍ തന്നെ മാര്‍ച്ച് നടത്തിയത് കോണ്‍ഗ്രസ്സില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: