മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍കാമുകി റിയ ചക്രവര്‍ത്തിയുടെയും സഹോദരന്റെയും ജാമ്യഹര്‍ജി എതിര്‍ത്ത് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
സമൂഹത്തിലെ പല ഉന്നതരുമായും ലഹരി ഇടപാടുകാരുമായും അടുത്ത ബന്ധമുണ്ടായിരുന്ന റിയ പലര്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കിയിട്ടുണ്ട്. ലഹരി ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സാമ്പത്തിക കൈമാറ്റങ്ങള്‍ നടത്തിയതിനും റിയയ്ക്കെതിരെ തെളിവുള്ളതായി എന്‍സിബി കോടതിയെ അറിയിച്ചു.
മയക്കുമരുന്ന് കടത്തിന് റിയ പണം ചെലവഴിച്ചതിന് മതിയായ തെളിവുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമാര്‍ വാങ്കഡെ സമര്‍പ്പിച്ച സത്യവാങ്മലത്തില് പറയുന്നു. മൊബൈല്‍, ലാപ്ടോപ്, ഹാര്‍ഡ് ഡിസ്ക് എന്നിവയില്‍ നിന്ന് വാട്സ്ആപ്പ് ചാറ്റടക്കമുള്ള ഇലക്ട്രോണിക് തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. റിയ പതിവായി മയക്കുമരുന്ന് ഇടപാടില്‍ ഏര്‍പ്പെട്ടതിനും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പണം മുടക്കിയതിനുമുള്ള ശക്തമായ നിരവധി തെളിവുകളും ഇതില്‍ നിന്ന് ലഭിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
സുശാന്ത് ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞുകൊണ്ട് റിയ മറ്റുള്ളവരില്‍ നിന്ന് മറച്ചുവച്ച് അയാളില്‍ അഭയം തേടി. സുശാന്തിന് വേണ്ടി അവര്‍ സ്വന്തം വീട്ടില്‍ റിയ ലഹരി സൂക്ഷിക്കുകയും ഉപയോഗിക്കാന്‍ അവസരം നല്‍കുകയും ചെയ്തെന്നും സത്യവാങ്മൂലത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: