ലക്നൗ: അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ ലഖ്നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അല്പമസമയത്തിനകം. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയില്‍ അടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.
മുന്‍ ഉപ പ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ ആരോപണ വിധേയരായിട്ടുള്ളത്. ഇവരോട് കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാണ്‍ സിങും ഉമാഭാരതിയും കോവിഡ് ബാധിതരായിരുന്നു. ഇവര്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
1992 ഡിസംബര്‍ 6നാണ് തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്നത്. നീണ്ട 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുന്നത്. 2017-ല്‍ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികള്‍ നീണ്ടു. ഈ വര്‍ഷം ഏപ്രിലോടെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നല്കി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനല്‍കി. ഇന്നു തന്നെയാണ് ജഡ്ജി വിരമിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: