മാനന്തവാടി: അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരി പിടികൂടി. നിമാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ച റേഷനരിയാണ് പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് പിടികൂടിയത്.
എഴുപത് ചാക്കുകളിലായി സൂക്ഷിച്ച നാല് ടണ്ണോളം റേഷനരിയാണ് ഇന്നലെ പിടികൂടിയത്. റേഷനരി സ്വകാര്യ കമ്പനിപ്പേരുകളുള്ള ചാക്കുകളിലേക്ക് മാറ്റിനിറച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി കെല്ലൂര്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും റേഷന്‍ കടകളിലേക്ക് കൊണ്ടുപോയ അരിയെ പിന്തുടര്‍ന്ന പ്രാദേശിക ചുമട്ടുതൊഴിലാളികളും പൊതുപ്രവര്‍ത്തകരുമാണ് അരി സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഇറക്കിയത് കണ്ട് അധികൃതരെ അറിയിച്ചത്.
കെല്ലൂരിലുള്ള പണിപൂര്‍ത്തിയാവാത്ത വീട്ടിലായിരുന്നു 72 ചാക്ക് റേഷനരി സൂക്ഷിച്ചിരുന്നത്. മുഹന്നിദ് എന്നപേരിലുള്ള സ്വകാര്യ അരികമ്പനിയുടെ നൂറിലധികം ചാക്കുകളില്‍ റേഷനരി നിറച്ച് സൂക്ഷിച്ച നിലയിലും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ റേഷന്‍ കടയുടമകള്‍ അരി ഇവിടെയെത്തിച്ച് സ്വകാര്യ കമ്പനി ചാക്കുകളില്‍ നിറച്ച് വിതരണം ചെയ്യുന്നസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. തുടര്‍ന്ന് പോലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: