ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസംഅക്രമികള് കവര്‍ന്ന് കൊണ്ട് പോയെന്ന് പറയപ്പെടുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തു. നിര്‍മ്മാണ ശാലയ്ക്ക് സമീപത്തുള്ള പിഐപി കനാലില്‍ നിന്നുമാണ് കണ്ടെടുത്തത്. വെള്ളമൊഴുകാതെ വര്‍ഷങ്ങളായി കാട് പിടിച്ച് കിടന്ന കനാലാണിത്.
ആക്രമിസംഘം കവര്‍ന്നതായി ഉടമകള്‍ പരാതിപ്പെട്ട പഞ്ചലോഹ വിഗ്രഹം ഉടമകളുടെ പണിശാലയ്ക്ക് സമീപത്ത് നിന്നു തന്നെയാണ് കണ്ടെടുത്തത്. ഇന്നലെ മൂന്നരയോടെ വിഗ്രഹം കണ്ടെടുക്കുന്നത്. കനാലിന്റെ കുഴിയില്‍ നിന്നും അവിടുത്തെ തൊഴിലാളികള്‍ തന്നെയാണ് വിഗ്രഹം കണ്ടെടുത്തത്. കാടുവെട്ടിത്തെളിക്കവേ വിഗ്രഹം കാണുകയും തൊഴിലാളികള്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം വിഗ്രഹം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സില്‍ ആക്രമണം നടത്തി പഞ്ചലോഹ വിഗ്രഹം കവര്‍ന്നെന്ന് ഉടമകള്‍ പരാതിപ്പെട്ടത്. ഇവിടുത്തെ വാഹത്തിന്റെ മൂന് ഡ്രൈവറാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉടമകളായ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ ആരോപിച്ചിരുന്നു. രണ്ട് കാറിലും ബൈക്കിലുമായി ഇരുപതോളം പേരടങ്ങുന്ന അക്രമി സംഘം എത്തി പണിശാലയില്‍ കടന്ന് വിഗ്രഹം എടുക്കാന്‍ ശ്രമിക്കവേ അവിടെ താമസിച്ചിരുന്ന തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ തൊഴിലാളികളെ ഇരുമ്പ് കൂടവും കമ്പിവടികളുമായി ആക്രമിച്ചു. വിഗ്രഹം കവര്‍ന്ന് ഓടുന്നതിനിടെ സമീപത്ത് കളരിപ്പയറ്റ് പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന തങ്ങള്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും അടിച്ച് വീഴ്ത്തി വിഗ്രഹവുമായി അക്രമികള്‍ കടന്നു കളഞ്ഞെന്നായിരുന്നു പരാതിപ്പെട്ടത്.
ലണ്ടണിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് കയറ്റി അയക്കാന്‍ നിര്‍മ്മിച്ചതാണ് വിഗ്രഹമെന്നും ഇവര്‍ പറഞ്ഞിരുന്നു. തുടക്കം മുതലേ ഉടമകളുടെ മൊഴിയും പരാതിയും പോലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. സംഭവത്തില്‍ സംശയം ഉണ്ടായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശാസ്ത്രീയമായ പരിശോധനയിലും മറ്റും സംഘര്‍ഷം നടന്നതായി പോലീസിന് സൂചന ലഭിച്ചെങ്കിലും മോഷണം നടന്നെന്നുള്ള പരാതിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ചോദ്യം ചെയ്യലുകളില്‍ പരാതി വ്യാജമെന്ന സൂചന പോലീസ് ലഭിച്ചു. തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പരാതിക്കാര്‍ക്ക് പോലീസ് സൂചന നല്കി. ഈ സാഹചര്യത്തിലാണ് വിഗ്രഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവത്തിന്റെ ദുരൂഹതകളുടെ ചുരുള്‍ പോലീസ് അഴിക്കുമെന്ന് ഡിവൈഎസ്പി പി. വി ബേബി, സിഐ ജോസ് മാത്യു, എസ്ഐ എസ്.വി ബിജു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: