കൊട്ടാരക്കര: അഞ്ച് വര്‍ഷം തികച്ച് ആദ്യ നഗരസഭാഭരണസമിതി പടിയിറങ്ങാനൊരുങ്ങുമ്പോഴും കൊട്ടാരക്കര ചന്തയുടെ ദുര്‍ഗതിക്ക് മാറ്റമില്ല. അടിസ്ഥാന വികസനംപോലും നടപ്പാക്കാതെയാണ് പടിയിറക്കം. തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് ഇപ്പോഴും ചന്തയുടെ പ്രവര്‍ത്തനം.
വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷം. ഷീറ്റ് മേഞ്ഞ മത്സ്യ വിപണന കേന്ദ്രം, പ്ളാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടുമറച്ച കച്ചവട സ്ഥാപനങ്ങള്‍, തീരെ മോശമായ അവസ്ഥയിലുള്ള ഇറച്ചി സ്റ്റാളുകള്‍….. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞതൊക്കെ വിഴുങ്ങി നേതാക്കന്മാര്… തെരഞ്ഞെടുപ്പിന് ശേഷവും കോടികളുടെ വികസനം ഉടനെത്തിക്കുമെന്നായിരുന്നു പ്രസംഗങ്ങള്‍. പക്ഷെ, വികസന പദ്ധതികള്‍ക്ക് അടിസ്ഥാനശിലയിടാന്പോലും ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.
പ്രതിവര്‍ഷം മുപ്പത്തഞ്ച് ലക്ഷം രൂപയാണ് വാടക ഇനത്തില്‍ത്തന്നെ നഗരസഭയ്ക്ക് ചന്തയില്‍ നിന്നും ലഭിക്കുന്നത്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ തീരെ താത്പര്യമെടുക്കാറില്ല. അറുപതില്‍പ്പരം കടകളാണ് ചന്തയില്‍ ഉള്ളത്. അടുപ്പുകൂട്ടിയതുപോലെയാണ് കച്ചവട സ്ഥാപനങ്ങള്‍. സുരക്ഷിത സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. ഒരു വര്‍ഷം മുന്‍പ് തീ പിടിത്തം ഉണ്ടായപ്പോള്‍ മൊത്തം വ്യാപാര സ്ഥാപനങ്ങളും കത്തിനശിക്കേണ്ടതായിരുന്നു. ഫയര്‍ഫോഴ്സും പോലീസും നിമിഷനേരംകൊണ്ട് ഇടപെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ എപ്പോഴും വന്നുപോകുന്ന ചന്തയില്‍ സ്വസ്ഥമായി സഞ്ചരിക്കാന്‍ ഒരു വഴിയില്ല. ഒരു ഭാഗത്ത് കല്‍പ്പടവുകളും മറുഭാഗത്ത് കോണ്‍ക്രീറ്റ് നിരപ്പുമുണ്ട്. വൃത്തിഹീനമായ ഈ പ്രദേശത്താണ് മീന്‍ ഉണക്കാനിടുന്നതും. സാധനങ്ങള്‍ ഇഷ്ടാനുസരണം വാങ്ങാനുള്ള ഇടമില്ല. വൈകുന്നേരങ്ങളിലും ഞായറാഴ്ച രാവിലെയും ആളുകള്‍ കൂടുതലായി ചന്തയിലേക്കെത്തും.
മുട്ടി ഉരുമ്മാതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ അതേച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളും പതിവാണ്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡരികിലെല്ലാം മത്സ്യ വില്‍പ്പന സ്റ്റാളുകള്‍ തുടങ്ങി.ചന്തയിലെ വൃത്തിഹീന അന്തരീക്ഷത്തില്‍ മത്സ്യം വാങ്ങാന്‍ ആളുകളെത്താന്‍ മടിച്ചത്
വഴിയോര വില്‍പ്പനക്കാര്‍ക്കാണ് ഗുണകരമായത്. ചന്തയിലെ മത്സ്യം ഗുണനിലവാരമില്ലാത്തതാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. പിന്നീട് നല്ല മത്സ്യം വന്നപ്പോഴും ആളുകള്‍ എത്താതെയായി.
ഇറച്ചി വില്‍പ്പന സ്റ്റാളും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്ളാട്ടര്‍ ഹൗസ് ഇവിടെ അനുവദിച്ചിട്ടില്ല. സമീപത്തെ പുരയിടത്തില്‍ വച്ച് കന്നുകാലികളെ കശാപ്പുചെയ്ത ശേഷമാണ് ചന്തയിലെ വില്‍പ്പന സ്റ്റാളിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: