നിസ്വാര്‍ഥതയുടെ ധാര്‍മികവും പരിശുദ്ധവുമായ പ്രതീകമായി തുളസിയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന് ഒരു കാരണമുണ്ട്. ഒരു ചെടി നടുമ്പോള്‍ മനുഷ്യന് അതില്‍നിന്നും പലതും തിരിച്ചുകിട്ടുമെന്ന സ്വാര്ഥചിന്ത വെച്ചു പുലര്‍ത്തുന്നു. ചില ചെടികള്‍ മനോഹരങ്ങളായ പുഷ്പങ്ങള്‍ തരുന്നു. ചിലവ നല്ല പഴങ്ങള്‍ നല്കുന്നു. ചില ചെടികള്‍ നല്ല ഇലകളാണ് നല്‍കുന്നത്. ചിലവ (വലുതാവുമ്പോള്‍) തണല്തരുന്നു. ചില ചെടികളുടെ വേരുകള്‍ ഭക്ഷ്യയോഗ്യമാണ്. ചിലവ കാഴചയ്ക്കു ഭംഗി കിട്ടുവാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ തുളസിച്ചെടിയെ നോക്കൂ. ഇവയൊന്നും തന്നെ അതിനില്ല. അത് ലളിതമായ ഒരു വെറും ചെടിയാണ്. അതിനു പൂക്കളും ഫലങ്ങളും ഇല്ല.
എന്നാല്‍ അതിന് മനുഷ്യന്റെ ഹൃദയത്തില്‍ ഒരു ആരാധനാസ്ഥാനമുണ്ട്. അതിനെ ഒരു ദൈവികപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. കാരണം അത് ഈശ്വരനു പോലും പ്രിയപ്പെട്ടതാണ്. ഭഗവാന് വിഷ്ണു തുളസികൊണ്ടുള്ള മാല കഴുത്തിലണിയുന്നു. ഈശ്വരപൂജക്ക് തുളസിമാത്രമായിപ്പോലും ഉപയോഗിക്കുന്നു. മറ്റുള്ള ചെടികളില്‍നിന്നും വ്യത്യസ്തമായി അതിന് ഒരു വ്യത്യസ്ത സുഗന്ധമുണ്ട്. അത് പരിശുദ്ധഭാവത്തെ പ്രചോദിപ്പിക്കുന്നു. അതില്‍ തട്ടി വരുന്ന ഇളംകാറ്റ് ആരോഗ്യകരവും ഉന്മേഷദായകവുമാണ്. എന്നാല്‍ തുളസിയുടെ ഈ ഗുണങ്ങളെല്ലാം ഒരു സാധാരണമനുഷ്യന്റെ അറിവില്‍നിന്നും മറഞ്ഞുതന്നെ ഇരിക്കുന്നു.
തുളസി, സരളത, നിസ്വാര്‍ഥത, ത്യാഗം പരിശുദ്ധി, സാന്മാര്ഗ്ഗിക സൗന്ദര്യം എന്നിവയില്‍നിന്നും ഉടലെടുത്ത സജീവമായ ദേവീസങ്കല്പമാണ്. അത് സ്നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും ഈശ്വരനിലുള്ള ആത്മസമര്‍പ്പണത്തിന്റെയും തത്വങ്ങളെ നിശ്ശബ്ദമായി ഉദ്ബോധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: