ഈ ലോകമേതായാലും നമ്മള് മനുഷ്യര്‍ ഉണ്ടാക്കിയതല്ല. നമ്മുടെ ശരീരംപോലും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു നമുക്കു പൂര്‍ണമായും അറിയില്ല. നാം നടക്കുന്ന ഭൂമി നാമുണ്ടാക്കിയതല്ല. വെളിച്ചം തരുന്ന സൂര്യന് നമ്മുടെ സൃഷ്ടിയല്ല. ശ്വസിക്കുന്ന വായു നാമുണ്ടാക്കിയതല്ല. കഴിക്കുന്ന ഭക്ഷണം – ധാന്യങ്ങളും പഴങ്ങളും വെള്ളവും മറ്റും – നാമുണ്ടാക്കിയതല്ല. നമുക്കു പത്തു വിരലുകള്‍ വേണമെന്നതുപോലും നാം നിശ്ചയിച്ചതല്ല. പിന്നെ നാമെന്തിനാണിത്ര വ്യാകുലരാകുന്നത്! ഈശ്വരന് നമ്മെ ഇപ്പോള്‍ ഭൂമിയില്‍ വെച്ചിരിക്കുന്നു. അദ്ദേഹത്തിനു തോന്നുമ്പോള്‍ കൊണ്ടുപോകുകയും ചെയ്യും. നമുക്കു ചെയ്യാവുന്നത് ഈശ്വരനെ വിളിച്ച് നമ്മെ നേര്‍വഴിക്കു നയിക്കാന്‍ അപേക്ഷിക്കുക മാത്രമാണ്, നമുക്കു ഭക്തിയും ജ്ഞാനവും തരാന്‍ പ്രാര്‍ഥിക്കുകമാത്രമാണ്. അതു നമുക്കു ചെയ്യാം. ഇതെല്ലാം സൃഷ്ടിച്ച ഈശ്വരനോട്, നമ്മെ അനുഗ്രഹിക്കാന്‍, നമ്മെ ഭയത്തിന്റെ മറുകര കടത്താന്‍, നമ്മുടെ എല്ലാ സംശയങ്ങളും അകറ്റാന്‍, നമുക്കു പ്രാര്‍ഥിക്കാം. നമുക്കിപ്പോള്‍ ഒരുപക്ഷേ പുറത്തിറങ്ങാന്‍ കഴിയില്ല, അമ്പലത്തിലോ പള്ളിയിലോ പോകാന്‍ കഴിയില്ല. പക്ഷേ അമ്പലത്തില്‍ മാത്രമല്ല ഈശ്വരനുള്ളത്. ഈശ്വരന് നമ്മുടെ ഹൃദയത്തിലിരിക്കുന്നു. ഈശ്വരന് സര്‍വവ്യാപിയാണ്. അതുകൊണ്ട് എല്ലായിടത്തുമുള്ള ഈശ്വരനോടു പ്രാര്‍ഥിക്കുക. ആത്മാര്‍ഥമായ പ്രാര്ഥനയെല്ലാം ഈശ്വരന് കേള്‍ക്കുന്നു.
ഇങ്ങനെയാണ് ഈശ്വരാവതാരങ്ങളും മഹര്‍ഷിമാരും മഹാത്മാക്കളും ഉപദേശിച്ചിരിക്കുന്നത്. അവരുടെ വാക്കു കേള്‍ക്കയല്ലാതെ നാമെന്തു ചെയ്യും. മറ്റുള്ളവര്‍ക്കുവേണ്ടിമാത്രം ജീവിച്ച മഹാത്മാക്കളുടെ വാക്കനുസരിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ പ്പിന്നെ നമുക്കു രക്ഷയില്ല. ധര്‍മ്മമനുസരിച്ചു ജീവിക്കാനായി നാം ധര്മ്മമെന്തെന്നറിയണം. എങ്ങനെ അറിയും? മഹാത്മാക്കളുടെ വാക്കു കേട്ടറിയും. അതു പ്രകാരം ജീവിക്കുക. അപ്പോള്‍പ്പിന്നെ നമുക്കു ഭയത്തെയും മരണത്തെയും തോല്‍പ്പിക്കാന്‍ കഴിയും. നമുക്കു മരണമെന്നൊന്നില്ലെന്നും നമ്മുടെ തുടക്കവും ഒടുക്കവും ഇല്ലാത്ത ജീവിതത്തിലെ ഒരു ചെറുഭാഗം മാത്രമാണ് ഈ ഭൂലോകജിവിതമെന്നും അപ്പോള്‍ നാം അറിയും.
കൊറോണ വൈറസ് പോയെന്നിരിക്കട്ടെ, നമ്മുടെ ഭയമെല്ലാം പോകുമോ? നമുക്കു രോഗഭയം എപ്പോഴുമുണ്ട്. അപകടഭയമുണ്ട്, പാമ്പിനെ ഭയമുണ്ട്, പട്ടിയെ ഭയമുണ്ട്. എന്തിനെയാണ് നമുക്കു ഭയമില്ലാത്തത്? നമുക്കു നമ്മെത്തന്നെ ചിലപ്പോള്‍ ഭയമാണ് – നമ്മുടെ ആത്മനിയന്ത്രണം വിടുമോ എന്ന ഭയം! അതുപോലെ നമ്മുടെ സംശയമെല്ലാം പോകുമോ? ജനനത്തിനുമുമ്പ് നാമെല്ലാം ഉണ്ടായിരുന്നോ എന്നു നമുക്കു സംശയമുണ്ട്, മരിച്ചുകഴിഞ്ഞാല്‍ ഉണ്ടോ ഇല്ലയോ എന്നു സംശയമുണ്ട്. ഇതിന്റെയെല്ലാം രഹസ്യമറിയണമെങ്കില്‍ നാം അദ്ധ്യാത്മശാസ്ത്രങ്ങള്‍ വായിക്കണം; ഈ മഹാത്മാക്കള്‍ പറഞ്ഞ ജ്ഞാനം നേടണം. എന്നാലേ നാം ഇന്നു ജനിച്ചു നാളെ മരിക്കുന്ന മനുഷ്യനല്ല, എന്നുമുള്ള ആത്മാവാണെന്ന ബോധം ഉള്ളിലുണ്ടാകൂ. അതുമാത്രമേ നമ്മുടെ ഭയമെല്ലാം തീരെ നശിപ്പിക്കൂ, നമ്മുടെ സംശയങ്ങളെല്ലാം അകറ്റൂ, നമ്മുടെ രോഗവും ദുഃഖവുമെല്ലാമുണ്ടാക്കുന്ന ദുഷ്കര്മ്മബീജത്തെ നശിപ്പിക്കൂ. അങ്ങനെയേ നാം സ്വതന്ത്രരാകൂ. അങ്ങനെയേ നമുക്കു പൂര്‍ണ്ണവും ശാശ്വതവുമായ ആനന്ദവും ശാന്തിയും ജ്ഞാനവും സ്വാതന്ത്ര്യവും ഉണ്ടാകൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: