ന്യൂദല്‍ഹി : കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവര്‍ താങ്ങുവിലയുടെ കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡില്‍ നമാമി ഗംഗേയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്്ത കര്‍ഷക ബില്ലാണ് ഈ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്. ബില്‍ നടപ്പിലാവുന്നതോടെ രാജ്യത്ത് താങ്ങുവില മാത്രമല്ല ഉത്പ്പന്നങ്ങള്‍ എവിടേയും വില്‍ക്കാനും സാധിക്കും. എന്നാല്‍ ചില ആളുകള്‍ക്ക് ഈ സ്വാതന്ത്ര്യം സഹിക്കാനാകുന്നില്ല. അതിനാല്‍ ജനങ്ങളില്‍ ഇതുസംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്.
കര്‍ഷക ബില്ലിനെതിരായുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും തീവച്ചതിലൂടെ അവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്നും പറഞ്ഞു. താങ്ങുവില നടപ്പാക്കുമെന്ന് അവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയതേയില്ല. ഇവര്‍ കര്‍ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ഈ സര്‍ക്കാരാണ് അത് നടപ്പാക്കിയതെന്നും പ്രധാനമന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങള്‍ രാജ്യത്തെ തൊഴിലാളികള്‍ യുവാക്കള്‍, വനിതകള്‍, കൃഷിക്കാര്‍ എന്നിവരെ ശക്തിപ്പെടുത്തുന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകരും തൊഴിലാളികളും ആരോഗ്യമേഖലയുമായും ബന്ധപ്പെട്ട നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ചില ആളുകള്‍ മനപ്പൂര്‍വം ഇതിനെയെല്ലാം എതിര്‍ക്കാനുള്ള ശ്രമമാണ്. രാജ്യം ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: