കൊറോണ രോഗിയെ പുഴുവരിച്ചു
തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചു. രോഗിക്ക് കോവിഡുകൂടി പിടിപെട്ടതിനാല്‍ കൂട്ടിരിപ്പില്‍ നിന്ന് ബന്ധുക്കളെ ഒഴിവാക്കി. എന്നാല്‍ ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ചത് അവഗണനയും.
വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് നേതാജി റോഡ് ടി.സി 6/244ല്‍ വാടകയ്ക്ക് താമസിച്ചുവരുന്ന അനില്‍കുമാറിന് (55) ആണ് ഈ ദുര്‍ഗതി. കഴിഞ്ഞ ആഗസ്റ്റ് 21ന് വീടിനു സമീപത്തുവച്ച് ഒരു വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ അനിലിനെ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിന്റെ ഭാഗത്തും കാര്യമായ ക്ഷതം ഏറ്റിരുന്നു. കഴുത്തിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അനിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് അനില്‍കുമാറിനെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ടാമത് നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവായി. ഇതോടെ അനിലിനെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അനിലിന്റെ ബന്ധുക്കള്‍ നിരീക്ഷണത്തില്‍ പോയി. സെപ്തംബര്‍ 26ന് വൈകുന്നേരം കോവിഡ് നെഗറ്റീവായെന്ന് ബന്ധുക്കളെ അറിയിച്ചു. 27ന് ഉച്ചയോടുകൂടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം അനിലിനെ ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.
മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് ഡിസ്ചര്‍ജ്ജ് നല്‍കിയതെന്ന് അനിലിന്റെ മകന് അഭിലാഷ് പറയുന്നു. വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ അനിലിന്റെ കഴുത്തിലെ വ്രണത്തില്‍ പുഴുവരിച്ച് തുടങ്ങി. മുറിവില്‍ വച്ചിരുന്ന പഞ്ഞിയും മരുന്നും മാറ്റിയിട്ട് ദിവസങ്ങളായി. ഇത് അണുബാധയ്ക്ക് കാരണമായി. ദിവസങ്ങളായി ഒരേ രീതിയില്‍ കിടന്നതിനാല്‍ മുതുകിലും മുറിവുകള്‍ ഉണ്ടായി. വീട്ടില്‍ എത്തി മണിക്കൂറുകള്‍ക്കകം അനിലിന്റെ ആരോഗ്യനിലയും വഷളാകുകയായിരുന്നു. ഒടുവില്‍ കുലശേഖരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയാണ് തുടര്‍ ശുശ്രൂഷകള്‍ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നല്കി. അനില്‍കുമാറിന് വീട്ടില്‍തന്നെ എല്ലാവിധ ചികിത്സകളും നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
‘എന്റെ മക്കളെ കൊന്നതാണ്…‘
പിറവിയില്‍ പൊലിഞ്ഞ കുഞ്ഞുങ്ങളുടെ അച്ഛന്റെ വിലാപം; ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം; മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍
മലപ്പുറം: ‘എന്റെ മക്കളെ കൊന്നതാണ്… പ്രിയപ്പെട്ടവള്‍ ഐസിയുവിലാണ്, പ്രാര്‍ത്ഥിക്കണം.’ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തന്റെ പിഞ്ചോമനകളെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപമാണിത്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഷെരീഫ്-സഹല ദമ്പതികളുടെ കുട്ടികളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കൊറോണ മുക്തയായിട്ടും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതോടെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് സ്വകാര്യ ആശുപത്രികളിലടക്കം അലഞ്ഞ് 14 മണിക്കൂറിന് ശേഷമാണ് ഷെരീഫ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്.
ശനിയാഴ് പുലര്‍ച്ചെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും കൊറോണ ചികിത്സാ കേന്ദ്രമായതിനാല്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് നല്‍കുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രമധ്യേ തുടര്‍ ചികിത്സക്കായി വിവിധ ആശുപത്രികളെ ദമ്പതികള്‍ സമീപിച്ചു, പക്ഷേ എല്ലാവരും കൈയൊഴിഞ്ഞു. ആന്റിജന്‍ പരിശോധനാ ഫലം ഉണ്ടായിട്ടും ആര്‍ടിപിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചാണ് ചികിത്സ നിഷേധിച്ചത്. 14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സഹല ഞായറാഴ്ച വൈകിട്ടോടെ പ്രസവിച്ചെങ്കിലും രണ്ട് കുട്ടികളുടെയും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കിഴിശ്ശേരിയിലെത്തിച്ച കുട്ടികളുടെ മൃതദേഹം സംസ്കരിച്ചു. സഹല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇനി ആര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്നും ഷെരീഫ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്സ് എന്നിവര്‍ക്കെതിരെ പോലീസിലടക്കം പരാതി നല്‍കാനാണ് തീരുമാനം. അതിനിടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സംഭവത്തില്‍ മലപ്പുറം ഡിഎംഒയോടും പോലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: