വിവേകാനന്ദസ്വാമികള്‍ക്ക് തന്റെ ഭാരതപര്യടനകാലത്ത് ഈശ്വരകൃപ അനുഭവമായ സംഭവങ്ങള്‍ അനേകമാണ്. തന്റെ തീര്ത്ഥാടനകാലത്തൊരിക്കല് പണം കൊണ്ടുനടക്കില്ലെന്ന് സ്വാമിജി പ്രതിജ്ഞയെടുത്തു. ആരെങ്കിലും തീവണ്ടി ടിക്കറ്റു കൊടുത്താല്‍ അദ്ദേഹം സ്വീകരിക്കും. അല്ലെങ്കില്‍ സഞ്ചരിക്കേണ്ട ദൂരം മുഴുവന്‍ നടക്കും. ഒരിക്കല്‍ അങ്ങനെ ആരോ ടിക്കറ്റു വാങ്ങിക്കൊടുത്തതുകൊണ്ട് അദ്ദേഹം തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്നു. വേനല്‍ക്കാലം, ഉച്ചസമയം. നല്ല ചൂടുണ്ട്. സ്വാമിജിയുടെ കൈവശം വെള്ളവുമില്ലായിരുന്നു. തീവണ്ടിയില്‍ സ്വാമിജിയുടെ എതിര്‍വശത്ത് ഒരു വ്യാപാരി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് സംന്യാസിമാരെ ഇഷ്ടമില്ല. സംന്യാസിമാര്‍ പട്ടിണിയിലാവുന്നതു നല്ലതു തന്നെ എന്നായിരുന്നു അയാളുടെ നിലപാട്. സ്വാമിജിക്കു ദാഹിക്കുന്നുണ്ടെന്നും വെള്ളം വാങ്ങി കുടിക്കാന്‍ പണമില്ലെന്നും വ്യാപാരിക്കു മനസ്സിലായി. സ്വാമിജിയുടെ പ്രയാസം കണ്ട് അയാള്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടു പറഞ്ഞു, ‘സംന്യാസിയായതിനാല് നിങ്ങള്‍ക്കു വെള്ളംപോലും വാങ്ങാന്‍ കഴിയുന്നില്ല. എന്നെപ്പോലെ എന്തുകൊണ്ടു നിങ്ങള്‍ക്കു ജോലി ചെയ്ത് പണമുണ്ടാക്കിക്കൂടാ?’ ജോലി ചെയ്തു പണമുണ്ടാക്കി ജീവിക്കേണ്ടതിനെപ്പറ്റി അയാള്‍ സ്വാമിജിയെ ഉപദേശിച്ചു. എന്നാല്‍ സ്വാമിജി മിണ്ടാതിരുന്നു.
വണ്ടി ഒരിടത്തു നിന്നപ്പോള്‍ സ്വാമിജിയും ആ വ്യാപാരിയും ഇറങ്ങി. സ്വാമിജി അവിടെ കത്തുന്ന വെയിലില്‍ നില്ക്കുമ്പോള്, തലയില്‍ ഒരു കെട്ടുമായി ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. വന്നയാള്‍ ഉടനെ വ്യത്തിയുള്ള ഒരിടത്ത് ഒരു പായ വിരിക്കുകയും അതിനുമുന്നില്‍ താന്‍ കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ വെക്കുകയും ചെയ്തു. അദ്ദേഹം സ്വാമിജിയെ വിളിച്ചു പറഞ്ഞു,’സ്വാമിജി! ഞാന്‍ താങ്കള്‍ക്കായി കൊണ്ടുവന്ന ഈ ഭക്ഷണം കഴിക്കൂ.’ സ്വാമിജി ആശ്ചര്യത്തോടെ പറഞ്ഞു, ‘താങ്കള്‍ക്കു തെറ്റിയെന്നു തോന്നുന്നു. ഞാന്‍ മറ്റാരോ ആണെന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.’ പക്ഷേ വന്നയാള്‍ പറഞ്ഞു, ‘അല്ല, ഞാന്‍ കണ്ട സ്വാമി താങ്കള്‍തന്നെയാണ്.’ ‘നിങ്ങളെന്താണ് പറയുന്നത്? നിങ്ങള്‍ എവിടെയാണ് എന്നെ കണ്ടത്?,’ സ്വാമിജി ചോദിച്ചു. വന്നയാള്‍ പറഞ്ഞു, ‘മധുരപലഹാരം വില്‍ക്കുന്ന ഒരു കച്ചവടക്കാരനാണ് ഞാന്‍. ഉച്ചഭക്ഷണത്തിനുശേഷം ഞാനൊന്നു മയങ്ങുകയായിരുന്നു. പെട്ടെന്ന് ഭഗവാന് ശ്രീരാമന് പ്രത്യക്ഷപ്പെട്ട് അങ്ങയുടെ മുഖം കാണിച്ചുതന്നു. അങ്ങ് ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണെന്നു ഭഗവാന് പറഞ്ഞു. അങ്ങേയ്ക്കായി പൂരിയും മധുരപലഹാരവും നല്കാന് അദ്ദേഹം ആജ്ഞാപിച്ചു. ആദ്യം ഞാന്‍ അതു വെറും സ്വപ്നമാണെന്നു കരുതി. പക്ഷേ അദ്ദേഹം വീണ്ടും പ്രത്യക്ഷനായി അങ്ങേയ്ക്കു ഭക്ഷണം നല്കാന് പറഞ്ഞു. ദയവായി വന്ന് ഈ ഭക്ഷണം കഴിച്ചാലും. എനിക്കു ഭഗവാന്റെ ആജ്ഞ അനുസരിച്ചേ മതിയാകൂ.’ ഇത്രയും പറഞ്ഞ് അയാള്‍ സ്വാമിജിയെ ഭക്ഷണത്തിനു ക്ഷണിക്കുകയും തന്നെ അനുഗ്രഹിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. സ്വാമിജി അത്ഭുതപരതന്ത്രനായി. ശ്രീരാമന്റെ കൃപയോര്‍ത്ത് അദ്ദേഹം കണ്ണുനീരണിഞ്ഞു. ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന വ്യാപാരി ആശ്ചര്യചകിതനായി. അയാള്‍ സ്വാമിജിയോടു ക്ഷമ യാചിക്കുകയും അദ്ദേഹത്തെ വണങ്ങുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: