ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ്ബാധയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 74,893 പേരാണ് രാജ്യത്ത് കൊറോണ രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 50,16,520 ലേക്ക് എത്തുകയായിരുന്നു.
രാജ്യത്ത് രോഗമുക്തി നിരക്ക് 82.58 ശതമാനമായി ഉയര്‍ന്നു. സുഖംപ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ അഞ്ചിരട്ടിയില്‍ അധികമാണ്. രോഗമുക്തി നിരക്കില്‍ ഇതേ പുരോഗതി തുടരാനായാല്‍ ഒരു മാസത്തിനുള്ളില്‍ രോഗമുക്തരുടെ എണ്ണത്തില്‍ 100% വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
പുതുതായി രോഗമുക്തരായവരില്‍ 73% മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, കേരളം, ഒഡിഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്. 13,000 രോഗമുക്തരോടെ മഹാരാഷ്ട്രയാണു പട്ടികയില്‍ മുന്നില്‍.
രാജ്യത്ത് 82,170 പേര്‍ക്കാണ് പുതുതായി കൊറോണ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,039 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളില്‍ 79 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. ഇതില്‍ മഹാരാഷ്ട്രയില്‍ 18,000 ത്തിലധികവും കര്‍ണാടകത്തില്‍ 9,000 ത്തിലധികവും രോഗികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: