കുമ്പള: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നല്‍കിയ വാഗ്ദാനം പൊളിച്ചടുക്കിയ ശേഷം കുമ്പള പഞ്ചായത്ത് ഭരണ സമിതി പടിയിറങ്ങാനൊരുങ്ങുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് നല്‍കിയ വാഗ്ദാനം പൊടിതട്ടിയെടുത്ത് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ആവര്‍ത്തിക്കാനുള്ള പഴുതുവെച്ചാണ് പടിയിറക്കമെന്നാണ് അംഗങ്ങള്‍ നല്‍കുന്ന സൂചന. കാസര്‍കോടിനും മംഗലാപുരത്തിനും ഇടയിലുള്ള പ്രധാന നഗരമായ കുമ്പളയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ബസ്റ്റാന്റും ഷോപ്പിങ്ങ് കോംപ്ലക്‌സും നിര്‍മ്മിക്കുമെന്നായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. ഇതേ വാഗ്ദാനം മറ്റ് മുന്നണികളും തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. കാല്‍ നൂറ്റാണ്ടോളമായി തെരഞ്ഞെടുപ്പ് കാലത്ത് കുമ്പളയില്‍ പ്രധാന വാഗ്ദാനം ബസ്റ്റാന്റായിരുന്നു. ഈ വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കഴിഞ്ഞ നാല് ഭരണസമിതികളും വാഗ്ദാനം നിറവേറ്റുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ആയിഷ സത്താര്‍, എം.അബ്ബാസ്, പി.എച്ച്.റംല, നസീമ എന്നിവരാണ് ഈ വാഗ്ദാനത്തിന്റെ പിന്‍ബലത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷയെ തല്‍സ്ഥാനത്തെത്തിക്കുന്നതിന് പിന്നിലെ ശക്തി സ്രോതസ്സും ഇതേ വാഗ്ദാനമായിരുന്നുവെന്ന് വോട്ടര്‍മാര്‍ പറയുന്നു.
നേരത്തെ ഉണ്ടായിരുന്ന ബസ്റ്റാന്റ് കോംപ്ലക്‌സ് അപകടനിലയിലായതിനെ തുടര്‍ന്ന് നിയമ നടപടികളിലൂടെ പൊളിച്ചു മാറ്റുകയായിരുന്നു. കെട്ടിടം അപകടനിലയിലായിരുന്നെങ്കിലും മഴക്കാലത്തും വേനലിലും യാത്രക്കാര്‍ക്ക് പേടിച്ചെങ്കിലും അതില്‍ ബസ് കാത്തുനില്‍ക്കാമായിരുന്നു. പഴയ കോംപ്ലക്‌സ് പൊളിച്ചു മാറ്റിയതോടെ യാത്രക്കാര്‍ക്ക് നില്‍ക്കാനൊരിടമില്ലാതായി. ഇപ്പോള്‍ ബസ്സുകളും ഇല്ലാതായിരിക്കുന്നു. പുതിയ ബസ്റ്റാന്റിനും ഷോപ്പിങ്ങ് കോംപ്ലക്‌സിനും പഞ്ചായത്ത് ബജറ്റില്‍ പതിവായി തുക നീക്കിവെക്കുന്നുണ്ട്. ഒപ്പം പ്ലാനും തയ്യാറാക്കിവെച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത പ്ലാനനുസരിച്ച് കെട്ടിട നിര്‍മ്മാണ ചട്ടത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് എവിടെയാണ് കോംപ്ലക്‌സ് സ്ഥാപിക്കുക എന്നത് വലിയ പ്രശ്‌നമായി നില്‍ക്കുന്നു. ഇപ്പോള്‍ പഴയ ബസ്റ്റാന്റ് കോംപ്ലക്‌സ് സ്ഥലം വാഹനങ്ങളുടെ പാര്‍ക്കിങ്ങ് കേന്ദ്രമായിട്ടുണ്ട്.
മഞ്ചേശ്വരം താലൂക്ക് നിലവില്‍ വന്നപ്പോള്‍ അതിന്റെ ഭാഗമായെങ്കിലും വികസന പ്രവര്‍ത്തനം കുമ്പളയില്‍ ഉണ്ടാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പഞ്ചായത്ത് ഭരിച്ചവര്‍ അക്കാര്യത്തിലും താല്‍പ്പര്യമെടുത്തില്ലെന്ന് നാട്ടുകാര്‍ പരിതപിക്കുന്നു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കുമ്പളയില്‍ ഈ തെരഞ്ഞെടുപ്പിനും മുഖ്യ വാഗ്ദാനവും ചര്‍ച്ചാ വിഷയവും ബസ്റ്റാന്റ് തന്നെയായിരിക്കുമെന്നുറപ്പാണെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: