തിരുവല്ല: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ദിവസം ശബരിമലയില്‍ 5,000 ഭക്തരെ വീതം പ്രവേശിപ്പിക്കാമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശത്തിനെതിരെ എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്. നാളെ മണ്ഡല-മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട് യോഗം നടക്കാനിരിക്കെയാണ് നിര്‍ദ്ദേശത്തെ ബോര്‍ഡ് എതിര്‍ക്കുന്നത്.
ലക്ഷങ്ങള്‍ തീര്‍ത്ഥാടകരായി എത്തുന്ന സന്നിധാനത്ത് 5,000 പേരെന്നുള്ളത് കുറഞ്ഞ സംഖ്യയാണെന്നൊണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിവരം. കുറഞ്ഞത് 25,000 പേരെയെങ്കിലും പ്രവേശിപ്പിക്കണമെന്ന അഭിപ്രായമാണ് ബോര്‍ഡിനുള്ളില്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഉണ്ടാകും.
ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് പൂര്‍ണ്ണമായി വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും ദര്‍ശനം അനുവദിക്കുന്നത്. നിലയ്‌ക്കലില്‍ ആന്റജിന്‍ പരിശോധന നടത്തിയ ശേഷമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുന്നത്. നെയ്യഭിഷേകത്തിന് വരി ഉണ്ടാകില്ല. ആടിയശിഷ്ടം നെയ്യ് നല്‍കും. ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ പ്രസാദം വാങ്ങി മടങ്ങണം. അന്നദാനത്തിനും സാധ്യത കുറവാണ്.
തുലാമാസ പൂജകള്‍ക്ക് നട തുറക്കുമ്പോള്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങുമെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന. ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരെയും തുലാമാസ പൂജകള്‍ക്ക് നട തുറക്കുമ്പോള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ദിവസേനയുള്ള വൈറസ് ബാധ 10,000 കടക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ എങ്ങനെ വിന്യസിപ്പിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ വ്യക്തതയില്ല.
റോഡിന്റെ തകര്‍ച്ച; പമ്പ ഒറ്റപ്പെട്ടു
കഴിഞ്ഞ ആഗസ്റ്റിലുണ്ടായ അതിതീവ്രമഴയ്‌ക്കും മണ്ണിടിച്ചിലിനും ശേഷം പമ്പ ഒറ്റപ്പെട്ട നിലയില്‍. നിലയ്‌ക്കല്‍ -പമ്പ പാതയില്‍ ചാലക്കയത്തിന് സമീപം പ്ലാന്തോട് റോഡ് 60 മീറ്റര്‍ നീളത്തില്‍ വിണ്ടു കീറിയിരിക്കുകയാണ്. ഇത് മൂലം ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഒരു വശത്തു കൂടി മാത്രമാണ് ഗതാഗതം സാധ്യം. ചെറുവാഹനങ്ങള്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുന്നത്. ഇത് സന്നിധാനത്തേക്കുള്ള വഴിപാട് സാധനങ്ങളുടെയും നിര്‍മാണ സാമഗ്രികളുടെയും നീക്കത്തെ പ്രതികൂലമായി ബാധിച്ചു. റോഡ് പുനര്‍നിര്‍മിക്കാന്‍ 1.70 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും മണ്ഡലക്കാലത്തിന് മുമ്പ് പൂര്‍ത്തിയാകണമെങ്കില്‍ ഒട്ടെറെ കടമ്പകളുണ്ട്. വനംവകുപ്പിന്റെ അടക്കം അനുമതി ആവശ്യമാണ്. ഇത്തരമൊരു അവസ്ഥയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാലും പമ്പയിലേക്കുള്ള ഗതാഗതം താറുമാറായി തന്നെ കിടക്കും.ശബരിമല റോഡുകള്‍ക്ക് 270 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ഒന്നര മാസത്തിനുള്ളില്‍ ഈ റോഡുകളുടെ നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ച് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
ലേലം പ്രതിസന്ധിയില്‍ തന്നെ
ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കെ മണ്ഡല-മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട ലേലം പ്രതിസന്ധിയില്‍. നേരത്തെയുണ്ടായിരുന്ന കരാറുകാര്‍ക്ക് തന്നെ ലേലം തരാമെന്ന ബോര്‍ഡ് നിര്‍ദ്ദേശംവച്ചെങ്കിലും കച്ചവടക്കാര്‍ക്ക് സ്വീകാര്യമായില്ല. 220തോളം ഇനങ്ങളാണ് ലേലത്തില്‍ പോകേണ്ടത്. ഇടത്താവളങ്ങളിലെ ലേലവും മുടങ്ങി. സ്ഥലലേലം അടക്കം നടന്നില്ലെങ്കില്‍ ബോര്‍ഡിന് കോടികളുടെ വരുമാനമാണ് നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക