തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം തുടങ്ങി. ലേലം ചെയ്തോ വില്‍പ്പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമം. എന്നാല്‍ സ്വത്തുവകകള്‍ സ്വത്ത് കണ്ടുകെട്ടിയാലും നിക്ഷേപകരുടെ മുഴുവന്‍ തുകയും മടക്കികിട്ടുമൊ എന്ന കാര്യത്തില്‍ സംശയമുണ്ട്. രണ്ടായിരം കോടിയുടെ തട്ടിപ്പാണ് പോപ്പുലര്‍ ഫൈനാന്സില് നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയത്. ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കൗളിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.ഈ തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റീനു, റീബ, റിയ എന്നിവര്‍ അറസ്റ്റിലാണ്. ഇവര്‍ക്ക് 125 കോടി രൂപയുടെ ആസ്തി ഉളളതായിട്ടാണ് കണക്കാക്കുന്നത്. ഇവരുടെ ബിനാമി സ്വത്തുക്കളും കണ്ടുകെട്ടും.
രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുളളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്രയില്‍ 22 ഏക്കര്‍, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നിവടങ്ങളില്‍ ആഡംബര വില്ലകളും ഫ്ളാറ്റുകളും, വിവിധ സ്ഥലങ്ങളിലെ ഓഫീസ് കെട്ടിടങ്ങള്‍, പത്തോളം ആഡംബര കാറുകള്‍, മറ്റ് വാഹനങ്ങള്‍ തുടങ്ങിയവ ഉടമകളുടെ പേരിലുണ്ട്.
പ്രതികളുടെ ആഡംബര കാറുകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ചിരുന്നു. പ്രതികളുടെ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കണക്കിലെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തട്ടിപ്പ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: