കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുുറ്റത്തിന് കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കളുടെ വിനിമയം മരവിപ്പിച്ചു. ബിനേഷിന്റെ സ്വത്തുക്കളുടെ ഉടമ്പടി-ബാധ്യത രേഖകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാനും സംസ്ഥാന രജിസ്ട്രാര്‍ക്ക് ഇ ഡി അപേക്ഷ നല്കി.
ബിനീഷിനെതിരേയുള്ള കേസില്‍, യുഎപിഎയുടെ 16 മുതല്‍ 18 വരെ വകുപ്പുകളും ബാധകമായേക്കുമെന്ന് സംശയിക്കുന്നതായി ഇഡി പറയുന്നു. സ്വര്‍ണക്കടത്തും ആ പണമുപയോഗിച്ചുള്ള രാജ്യദ്രോഹ പ്രവര്‍ത്തനവുമാണ് ആ കേസില്‍ യുഎപിഎ ചുമത്തിയത്. ബിനീഷിന്റെ ഇടപാടുകള്‍ക്ക് സ്വര്‍ണക്കടത്തുപണം വിനിയോഗിച്ചോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
സെപ്തംബര്‍ ഒമ്പതിന് ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 11നാണ് കേസെടുത്ത് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. കണ്ണൂര്‍, തിരുവനന്തപുരം എന്നീ മോല്‍വിലാസങ്ങളിലെ സ്വത്തിടപാടു വിവരങ്ങള്‍ ലഭ്യമാക്കാനാണ് അപേക്ഷ.
ബിനീഷിന്റെ സ്വത്തു സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മന്ത്രിസഭയിലും സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ചില ഉന്നതരിലും അവരുടെ മക്കളിലും എത്തുമെന്ന് ഉറപ്പായി. പങ്കാളിത്ത-ബിനാമി ഇടപാടുകള്‍ സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍.
കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും വിദേശത്തും ബിനീഷിന് സ്വത്തും ബിസിനസ് ഇടപാടുകളുമുണ്ട്. പാര്‍ട്ടി നേതാക്കളുടെ മക്കളും മന്ത്രിമക്കളും പങ്കാളികളായ കൂട്ടിടപാടുകളും ബിനാമി ഇടപാടുകളുമാണ് ഏറെയും. റിയല്‍ എസ്റ്റേറ്റ്, മരുന്നു നിര്‍മാണ കമ്പനികള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര മേഖല, ഐടി വ്യവസായം തുടങ്ങിയവയിലാണ് കൂട്ടിടപാട്.
ആദ്യ ചോദ്യം ചെയ്യലില്‍ ഇന്‍കം ടാക്സ് സംബന്ധിച്ച് ബിനീഷിന്റെ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ആരാഞ്ഞത്. മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് സമഗ്രമായ രേഖകളുമായാണ് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. എന്നാല്‍, രേഖകള്‍ സംബന്ധിച്ച ‘അധിക കൃത്യത’യിലെ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടെ ഇഡി സംശയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: