കൊല്‍ക്കത്ത: ഇന്ത്യയുടെ ശക്തനായ പ്രതിരോധതാരം സന്ദേശ് ജിങ്കാന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനില്‍ ചേര്‍ന്നു. ജിങ്കാനുമായി കരാറുണ്ടാക്കിയതായി എടികെ മോഹന്‍ ബഗാന് ക്ലബ്ബ് അറിയിച്ചു. കരാര്‍ തുക വെളിപ്പെടുത്തിയില്ല.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമാണ് സന്ദേശ് ജിങ്കാന്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ ക്യാപ്റ്റനാണ്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ കളിക്കാനായില്ല.
എടികെ മോഹന്‍ ബഗാനില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജിങ്കാന് പറഞ്ഞു. യൂറോപ്പില്‍ കളിക്കണമെന്ന മോഹവുമായാണ് ജിങ്കാന് ബ്ലാസ്റ്റേഴ്സ് വിട്ടത്. എന്നാല്‍ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്ക് പോകാനുള്ള ശ്രമം ഉപേക്ഷിച്ച് എടികെ മോഹന്‍ ബഗാനില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷത്തെ എഎഫ്സി കപ്പില്‍ കളിക്കും.
ജിങ്കാന് ഉടനെ ഗോവയില്‍ ക്വാറന്റൈനില്‍ കഴിയുന്ന എടികെ മോഹന്‍ ബഗാനൊപ്പം ചേരും. നവംബറില്‍ ഗോവയിലാണ് ഈ സീസണിലെ ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുക.
അടുത്തിടെ അര്‍ജുന അവാര്‍ഡ് നേടിയ ജിങ്കാന് 2014 ല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ എമര്‍ജിങ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. 2015ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: