കവിതയുടെ ആത്മാവ് ധ്വനിസാന്ദ്രതയാണെങ്കില്‍ ആധുനിക മലയാള സാഹിത്യ ലോകത്ത് ആദ്യം അടയാളപ്പെടുത്തേണ്ട കവിത മഹാകവി അക്കിത്തത്തിന്റേതാണ്. വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന ഒറ്റ വരിയിലൂടെ കാവ്യകൈരളിയെ ആധുനികതയിലേക്ക് നയിച്ച കവിയാണദ്ദേഹം.
അക്കിത്തം കവിതകളുടെ ആശയപ്രപഞ്ചം കേന്ദ്രീകരിക്കുന്നത് നിരുപാധികമായ സ്‌നേഹത്തിലാണ്. ഇരുപത്തഞ്ചാമത്തെ വയസിലാണ് നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമത്താല്‍ എന്നും അത് മാത്രമാണ് സത്യമെന്നും അക്കിത്തം എഴുതിയത്.
പ്രപഞ്ച ചേതനയോടുള്ള ഏകാത്മഭാവമാണ് കവിയുടെ സ്‌നേഹ ദര്‍ശനത്തിനാധാരം. അക്കിത്തത്തിന്റെ എല്ലാ കവിതകളിലും ഈ ജീവിത ദര്‍ശനം മുത്തുകളെ കോര്‍ത്തിണക്കുന്ന നൂല് പോലെ പ്രത്യക്ഷപ്പെടുന്നു.ഭേദഭാവനകളേയും ഉച്ചനീചത്വങ്ങളേയും ഇല്ലാതാക്കുന്ന ദിവ്യൗഷധമായി കവി ഈ ജീവിതദര്‍ശനത്തെ മുന്നോട്ടുവക്കുന്നു.
സാമൂഹ്യജീവിതത്തിന്റെ അത്യന്തം ദുസഹമായ പരിതാവസ്ഥകളില്‍പോലും പ്രതീക്ഷയുടെ നാളമായി ഈ സ്‌നേഹ ദര്‍ശനത്തെ കവി കാണുന്നുണ്ട്. പ്രപഞ്ച ചേതനയുടെ ഏകത്വം കവിതയുടെ അന്തര്‍ധാരയായി ഇത്രമേല്‍ സന്നിവേശിപ്പിച്ച മലയാളത്തിലെ മറ്റൊരു മഹാകവി സാക്ഷാല്‍ എഴുത്തഛനാണ്. വിശ്വപ്രപഞ്ചത്തിന്റെ അദൈ്വതഭാവം കവിതയുടേയും ജീവിതത്തിന്റെയും പരമമായ ദര്‍ശനമായി ഇരുവരും അവതരിപ്പിക്കുകയും ചെയ്യുന്നു. ആ നിലക്ക് കവിത്വദര്‍ശനം കൊണ്ട് ഭാഷാപിതാവിന്റെ പിന്‍ഗാമിയാണ് മഹാകവി അക്കിത്തം.
പ്രപഞ്ചസാരം തേടിക്കണ്ട മഹത്തുക്കളായ ഋഷിവര്യന്മാരെപ്പോലെ ഈ ജ്ഞാനയോഗം മഹാകവിയെ അങ്ങേയറ്റം വിനയവാനുമാക്കുന്നുണ്ട്.
വജ്രം തുളച്ചിരിക്കുന്ന
രത്‌നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍,
കടന്നുപോന്നൂ ഭാഗ്യത്താല്‍
വെറും നൂലായിരുന്നു ഞാന്‍
എന്നെഴുതാന്‍ മലയാളത്തില്‍ അക്കിത്തത്തിനേ കഴിയൂ.
ലോക ജീവിതത്തെ സഞ്ചാരിയുടെ മനസോടെയാണ് അക്കിത്തം കണ്ടത്. അപൂര്‍വ്വമായ തന്റെ ഗദ്യസമാഹാരത്തിന് മഹാകവി നിര്‍ദ്ദേശിച്ച പേരും സഞ്ചാരി ഭാവം എന്നായത് യാദൃഛികമല്ല. ഇക്കാണായതൊന്നും തന്റെ സ്വന്തമല്ലെന്നും ഈപ്രപഞ്ചത്തില്‍ തനിക്ക് സ്വന്തമെന്നവകാശപ്പെടാനുള്ളത് ആത്മസ്വരൂപമായ ഈശ്വര ചൈതന്യം മാത്രമെന്നും തിരിച്ചറിഞ്ഞ സഞ്ചാരി ഭാവത്തിലാണ് അക്കിത്തത്തിന്റെ കവിമനസ്. കൗതുകത്തോടെ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തിട്ട് ഒരുനാള്‍ എല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ച് യാത്ര തുടരുന്ന സഞ്ചാരിയുടെ ഭാവം. അതുകൊണ്ടാണ് കവിക്ക് നിരുപാധികമായ സ്‌നേഹത്തെക്കുറിച്ച് പാടാനാവുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: