ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോള്‍ ഗൗരവമുള്ള ചോദ്യങ്ങള്‍ മോദി മുന്നോട്ടവച്ചു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭ എവിടെയാണ് നില്‍ക്കുന്നതെന്ന് മോദി ചോദിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് ക്രിയാത്മക ഇടപെടലുകളാണ് യുഎന്‍ നടത്തിയത്. പുതിയ വെല്ലുവിളികളെ നേരിടാന്‍ യുഎന്‍ തയാറാവണം, മോദി പറഞ്ഞു.
രക്ഷാസമിതി സ്ഥിരാംഗമായി ഉള്പ്പെടുത്താതിനേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഘടകത്തില്‍നിന്ന് നിങ്ങള്‍ക്ക് എത്രകാലം ഇന്ത്യയെ മാറ്റി നിര്‍ത്താനാവും, വീഡിയോ സന്ദേശത്തിലൂടെയുള്ള അഭിസംബോധനയില്‍ മോദി ചോദിച്ചു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ വാക്സിന് നിര്‍മാണ മേഖലയാണ് മനുഷ്യകുലത്തെ സഹായിക്കാന്‍ പരിശ്രമിക്കുന്നത്. ഏറ്റവും വലിയ വാക്സിന് ഉല്‍പ്പാദന രാജ്യമായ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാണ്. 150 രാഷ്ട്രങ്ങള്‍ക്കാണ് ഇന്ത്യ ഇപ്പോള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നത്.
ജനുവരി മുതല്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമില്ലാത്ത അംഗമെന്ന നിലയിലുള്ള ദൗത്യം ഇന്ത്യ നിര്‍വഹിക്കാന്‍ പോവുകയാണ്. ഭീകരവാദം, മയക്കുമരുന്ന്, അനധികൃത ആയുധവ്യാപാരം, കള്ളപ്പണം തുടങ്ങി മനുഷ്യരാശിക്ക് എതിരായ എല്ലാത്തരം ഭീഷണികള്‍ക്കെതിരെയും ഇന്ത്യ ശബ്ദമുയര്‍ത്തും.
യുഎന്‍ സമാധാന സേനയിലേക്ക് ഏറ്റവുമധികം സൈനികരെ നല്കുന്ന രാജ്യമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമാണെന്നതില്‍ ഇന്ത്യ അഭിമാനിക്കുന്നു. എന്റെ രാജ്യത്തെ 130 കോടി ജനങ്ങളുടെ വികാരങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ സംസാരിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
ദുര്‍ബലരായിരുന്ന കാലത്ത് ഞങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഞങ്ങള്‍ ഭീഷണിയും ഉയര്‍ത്തിയില്ല. രാജ്യം യുഎന്നിന് വലിയ സംഭാവനകള്‍ നല്കുമ്പോള് വിപുലമായ പങ്കാളിത്തം ലഭിക്കണമെന്നാണ് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: