തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടോര്‍ച്ച് ബെയറര്‍ ട്രോഫി പുരസ്കാരത്തിന് കിംസ്ഹെല്‍ത്തിനെ തെരഞ്ഞെടുത്തു. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരിന്റെ സംയുക്ത ക്ഷയരോഗ നിവാരണ ദൗത്യവും (ജെഇഇടി) ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് കിംസ്ഹെല്‍ത്തിന് ലഭിച്ചത്.
ക്ഷയരോഗം കാരണമുള്ള മരണനിരക്കും രോഗാതുരതയും ത്വരിതഗതിയില്‍ കുറച്ച് 2025 ആകുമ്പോഴേയ്‌ക്കും രാജ്യത്ത് ഈ രോഗം ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയെ (എന്‍ടിഇപി) പിന്തുണയ്‌ക്കുന്നതിനാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ ടിബി ഓഫീസര്‍ ഡോ. ദേവ് കിരണില്‍ നിന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. രാജലക്ഷ്മി, ഡോ.അര്‍ജുന്‍, ഡോ.അമീര്‍, ഡോ നിയാസ്, നേഴ്സ് ഐഷ എന്നിവരും ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു.
ക്ഷയരോഗത്താല്‍ ലോകത്ത് ഓരോ മിനിറ്റിലും മൂന്നു പേരാണ് മരിക്കുന്നത്. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഒരു കോടി പേരില്‍ ക്ഷയരോഗം കണ്ടെത്തുകയും ഇവരില്‍ 15 ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 27 ലക്ഷം പേരിലാണ് രോഗം കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും ടിബി പരിരക്ഷയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ ബാധകമാക്കുന്നതിനുള്ള അംഗീകാരമാണ് കിംസ്ഹെല്‍ത്തിന് ലഭിച്ചതെന്ന് ഡോ. സഹദുള്ള പറഞ്ഞു. കിംസ്ഹെല്‍ത്ത് നടപ്പിലാക്കുന്ന സംവിധാനത്തിലൂടെ ക്ഷയരോഗികളെ നൂറുശതമാനം കണ്ടെത്തി സര്‍ക്കാരിനെ അറിയിക്കുന്നു. ഇവരെ കുറിച്ചള്ള തുടരന്വേഷണം, യുഡിഎസ്ടി, സമ്പര്‍ക്ക അന്വേഷണം, ഡിബിടി, വായുജന്യ അണുബാധ നിയന്ത്രണം, മറ്റുരോഗ പരിശോധനകള്‍, ചികിത്സാ പിന്തുണ, ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ എന്നിവ കിംസ്ഹെല്‍ത്ത് ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷയരോഗം നിര്‍ണയിക്കപ്പെടുന്ന രോഗികളെ കേന്ദ്രസര്‍ക്കാരിന്റെ നിക്ഷയ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നുണ്ടെന്ന് കിംസ്ഹെല്‍ത്ത് സീനിയര്‍ കണ്‍സള്‍ട്ടന്‍റും റെസ്പിറേറ്ററി മെഡിസിന്‍ വകുപ്പ് മേധാവിയുമായ ഡോ പി അര്‍ജുന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ആദ്യമായി സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍ സെന്‍റര്‍ ( സ്റ്റെപ്സ് ) നടപ്പിലാക്കി. എന്‍ടിഇപി പ്രോഗ്രാമില്‍ നിന്നുള്ള സൗജന്യ മരുന്ന് എല്ലാ രോഗികള്‍ക്കും ലഭ്യമാക്കുന്നുണ്ട്. എല്ലാ രോഗികളിലും തുടരന്വേഷണങ്ങള്‍ നടത്തി ഇന്ത്യയിലെ ടിബി സംരക്ഷണ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. ക്ഷയരോഗികളെ രജിസ്റ്റര്‍ ചെയ്യുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും തുടരന്വേഷണം നടത്തുന്നതും മാതൃകാപരമായാണ്. അണുബാധ നിയന്ത്രണം, പകര്‍ച്ചവ്യാധി രോഗങ്ങള്‍ എന്നീ ടിബി നിയന്ത്രണ പരിപാടികളിലും റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നതായി ഡോ. അര്‍ജുന്‍ ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളാണ് ക്ഷയരോഗചികിത്സ നടത്തിയിരുന്നത്. 2001ല്‍ സ്വകാര്യമേഖലയിലെ ആശുപത്രികളിലും ഈ ചികിത്സാ തുടങ്ങി. ക്ഷയരോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകള്‍ മാത്രമേ ലഭ്യമാക്കാവൂ എന്ന വ്യവസ്ഥയുള്ളതിനാല്‍ സ്വകാര്യമേഖലയ്‌ക്ക് ആദ്യഘട്ടത്തില്‍ ഈ രംഗത്തേക്ക് വരാന്‍ വിമുഖതയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകള്‍, ലാബ് പിന്തുണ, നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എന്നിവയാണ് രോഗത്തിനുള്ള മികച്ച ചികിത്സാ രീതികളെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മനസ്സിലായതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
2013 ലാണ് കിംസ്ഹെല്‍ത്ത് ഈ പ്രോഗ്രാമിന്റെ ഭാഗമായത്. ഭൂരിഭാഗം ടിബി രോഗങ്ങളും ആറുമാസത്തെ ചികിത്സയിലൂടെ ഭേദമാകും. ചില കേസുകളില്‍ 9-12 മാസം വരെ വേണ്ടിവരും. മികച്ച ചികിത്സയാണ് ക്ഷയരോഗത്തിന് വേണ്ടത്. മറ്റു ബാക്ടീരിയ സംബന്ധമായ രോഗങ്ങളെക്കാള്‍ അധികസമയം ടിബി ചികിത്സയ്‌ക്ക് വേണ്ടിവരും. രണ്ട് തരത്തിലാണ് ക്ഷയരോഗം കാണപ്പെടുന്നത്. ശ്വാസകോശത്തെ അല്ലെങ്കില്‍ എല്ല്, തലച്ചോറ് തുടങ്ങിയവയെ ബാധിക്കുന്ന തരത്തിലാണ് രോഗം കാണപ്പെടുന്നതെന്നും ഡോ. അര്‍ജുന്‍ വ്യക്തമാക്കി.
ഓരോ തരത്തിലുള്ള ടിബി രോഗത്തിനും ഫലപ്രദമായ മികച്ച ചികിത്സ കിംസ്ഹെല്‍ത്തിലുണ്ട്. ടിബി കൈകാര്യം ചെയ്യുന്നതിന് കര്‍ക്കശമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. കൊവിഡ് വ്യാപകമാകുന്നതിന് മുന്‍പുതന്നെ ടിബി രോഗികള്‍ക്ക് പൊതുയിടങ്ങളില്‍ ഉപയോഗിക്കാനായി മാസ്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
മാസ്ക്, ലോഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ടിബി സൗജന്യ കിറ്റുകള്‍ വിതരണം ചെയ്ത് സംസ്ഥാന ആരോഗ്യ വകുപ്പും ചികിത്സാ പിന്തുണ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: