നെയ്യാറ്റിന്‍കര: വര്‍ഷങ്ങളായി വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയ റോഡ് നിര്‍മാണം. ഇന്നും ഇതുവഴിയുള്ള യാത്രാദുരിതത്തില്‍ തന്നെ. ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ ഉദിയന്‍കുളങ്ങര അഞ്ചാം വാര്‍ഡിലെ ആറയൂരില്‍ നിന്നും ആരംഭിച്ച് അലത്തറവിളാകത്ത് അവസാനിക്കുന്ന കനാല്‍ ബണ്ട് റോഡിനാണ് ഈ ദുര്‍വിധി.
അലത്തറവിളാകം പട്ടികജാതി കോളനിയിലെ ആയിരക്കണക്കിന് ആളുകളുടെ സഞ്ചാരപാത ലക്ഷ്യമിട്ട് തുടങ്ങുന്ന പദ്ധതിയെന്ന് പറഞ്ഞാണ് മുന്‍ എംഎല്‍എ ആര്. സെല്‍വരാജ് എസ്സി ഫണ്ട് അനുവദിച്ചത്. ഒരു കോടി രൂപ അനുവദിക്കുകയും ആലുവാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഫ്ഐറ്റി എന്ന കമ്പനിക്ക് 2012ല്‍ പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ആറയൂര്‍ റോഡിനു കുറുകെയുള്ള ഇറിഗേഷന്‍ വക പാലത്തില്‍ നിന്നും തുടങ്ങുന്ന, നാലടി വീതിയില്‍ നിലവിലുണ്ടായിരുന്ന റോഡിന്റെ ഒരു വശം 300 മീറ്ററോളം ദൂരത്തില്‍ കനാല്‍ ഭിത്തി നിര്‍മിച്ച് റോഡ് വീതി കൂട്ടുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ പാര്‍ശ്വഭിത്തിയുടെ നിര്‍മാണം ആരംഭിച്ചതു മുതല്‍ അഴിമതി ആരോപണങ്ങളുമായി പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു. റോഡില്‍ നിന്നും 20 അടിയോളം താഴ്ചയുള്ള ഇറിഗേഷന്‍ കനാലില്‍ പാലവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നാലടിയോളം ഭിത്തിയുടെ പുറത്ത് ബലത്തിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്യാതെ വെറും കോണ്‍ക്രീറ്റ് ഇട്ട് അതില്‍ കമ്പികള്‍ കുത്തിനിര്ത്തിയായിരുന്നു നിര്‍മാണമെന്നാണ് പരാതികള്‍ ഉയര്‍ന്നിരുന്നത്. ഇതോടെ നിര്‍മാണം നിലച്ചു.
റോഡില്‍ നിന്നും 80 മീറ്ററോളം ദൂരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച ഭാഗത്ത് റോഡുമായി ബന്ധമില്ലാതെ വലിയ തരത്തില്‍ ഗര്‍ത്തമായി നിലവിലുണ്ടായിരുന്ന ഭാഗത്ത് സമീപവാസികളില്‍ ചിലര്‍ വീട് നിര്‍മാണങ്ങള്‍ക്ക് ശേഷം ബാക്കിവരുന്ന മണ്ണും കട്ടകളും കൊണ്ട് നിറയ്ക്കുകയായിരുന്നു. റോഡിലെ വീതിയുടെ വ്യതിയാനം കാരണം റോഡില്‍ നിന്നും ബണ്ട് റോഡ് വഴി പരിചയമില്ലാത്ത വാഹനയാത്രക്കാര്‍ വരുമ്പോള്‍ അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥകളായി മാറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ കനാലിനോട് ചേര്‍ന്ന് ബണ്ട് നിര്‍മാണത്തിനായി ഇറിഗേഷന്‍ അനുമതി തേടിയിരുന്നില്ലെന്നും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും മറ്റൊരു ആക്ഷേപമുണ്ട്. കനാല്‍ ബണ്ട് നിര്‍മാണം നിലച്ചതോടെ കനാലിലൂടെയുള്ള ജലമൊഴുക്കും നിലച്ചു. നിര്‍മാണ സാമഗ്രികളും കൂടാതെ ഉപയോഗശൂന്യമായ അസംസ്കൃത വസ്തുക്കളും ഈ ഭാഗത്ത് കൂടി കിടക്കുന്നതിനാല്‍ വര്‍ഷങ്ങളായി കനാലിലൂടെ വെള്ളം എത്താറില്ല. പ്രദേശത്ത് കുടിവെള്ളക്ഷാമവും കൃഷിനാശവും വ്യാപകമാവുന്നതായും നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പു കാലമാകുമ്പോള്‍ പട്ടികജാതി സ്നേഹവുമായി എത്തുന്ന ചെങ്കല്‍ പഞ്ചായത്തിലെ സിപിഎം ഭരണസമിതിക്കെതിരെയും ബന്ധപ്പെട്ടവര്‍ക്കെതിരെയും ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് തയാറാവുകയാണ് നാട്ടുകാര്‍.
പ്രദീപ് കളത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: