കുണ്ടറ: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ രാജിയും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവമോര്‍ച്ചയ്ക്കു നേരെ പോലീസ് വേട്ട തുടരുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ ഓഫീസിലേക്കുള്ള യുവമോര്‍ച്ചയുടെ പ്രതിഷേധമാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ റോഡില്‍ അതിക്രൂരമായി വലിച്ചിഴച്ചു.
ഒരു പ്രകോപനവും കൂടാതെ പോലീസ് അഞ്ചുറൗണ്ട് ജലപീരങ്കിയാണ് പ്രയോഗിച്ചത്. ശക്തമായ വെള്ളം ചീറ്റലില്‍ യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ധനീഷ്, തൃക്കോവില്‍വട്ടം ജനറല്‍ സെക്രട്ടറി നിതിന്‍, അബി, ബാലു ശങ്കര്‍, വിനീത് എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു. ഇവരെ എല്‍എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം ഇളമ്പള്ളൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് ആക്രമണം നടത്തുന്നത് മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും ഇത് തുടര്‍ന്നാല്‍ മന്ത്രിമാരെ വഴിയില്‍ തടയുമെന്നും ശ്യാംരാജ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സനല്‍ മുകളുവിള, ബിജെപി മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, സി. തമ്പി, അജിത്ത് ചോഴത്തില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്, ധനീഷ് പെരുമ്പുഴ, നവീന്‍ ചാത്തന്നൂര്‍, ബബുല്‍ദേവ്, വിനീത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: