ചെന്നൈ: മണ്ണിലെ ആ ശബ്ദം കേട്ടു കൊതിച്ച വിണ്ണിലെ ദൈവങ്ങള്‍ പ്രിയ ഗായകനെ വിളിച്ചു. എസ്പിബി എന്ന മൂന്നക്ഷരം ഇനി ഒരു അനശ്വര ഗാനം. ഒരു മാസത്തിലേറെയായി ജീവിതത്തിനും അനശ്വരതയ്ക്കും ഇടയിലുള്ള ഈണങ്ങളുടെ ലോകത്തു നിന്ന് ആരാധകരുടേയും പ്രിയപ്പട്ടവരുടെയും അടുത്തേക്ക് തിരിച്ചുവരും എന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നിത്യഹരിതഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഈ ലോകത്തോടു വിടപറഞ്ഞു.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെന്നൈയിലെ എംജിഎം ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിനാലു വയസായിരുന്നു. ഭൗതിക ദേഹം ഇന്ന് രാവിലെ 10.30ഓടെ ചെന്നെയിലെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ സംസ്ക്കരിക്കും. ഈ മാസം ഏഴിന് എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വ്യാഴാഴ്ച എസ്പിബിയുടെ നില അതീവ ഗുരുതരമായെന്നും ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് തുടരുന്നതെന്നും ചെന്നൈ എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. ലോകം മുഴുവനുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും പ്രാര്‍ഥനയിലായിരുന്നെങ്കിലും പ്രതീക്ഷകള്‍ മങ്ങി. നടന് കമല്ഹാസന് ആശുപത്രിയിലെത്തി എസ്പിബിയെ കണ്ടു.
ഇന്നലെ രാവിലെ അടുത്ത ബന്ധുക്കളെ ആശുപത്രിയിലേക്ക് വിളിപ്പിച്ചു. ആശുപത്രിയിലും എസ്പിബിയുടെ വീട്ടിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം മകന് എസ്.പി.ചരണ്‍ ആ അശുഭവാര്‍ത്ത അറിയിച്ചു. ആഗസ്റ്റ് പതിമൂന്നിന് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇടയ്ക്ക് അതീവഗുരുതര അവസ്ഥയില്‍ എത്തിയെങ്കിലും പിന്നീടു കാര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നു. ആശുപത്രിയില്‍ വച്ച് വിവാഹവാര്‍ഷികവും എസ്പിബി ആഘോഷിച്ചു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഉടന്‍ ആശുപത്രി വിടുമെന്നും സെപ്തംബര്‍ 22ന് ചരണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുകയും ചെയ്തിരുന്നു.
അനശ്വരഗായകന് എത്രയും പെട്ടെന്ന് തിരികെയെത്താന്‍ ആരാധകരും സുഹൃത്തുക്കളും കണ്ണീരോടെ പ്രാര്‍ഥിച്ചു. പക്ഷേ, പാടാന്‍ പാട്ടുകളുടെ ഒരു സാഗരം ബാക്കി വച്ച് എസ്പിബി മറഞ്ഞു, സിനിമാ പിന്നണി ഗായകന്, നടന്, സംഗീത സംവിധായകന്, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരില്‍. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു.
1946 ജൂണ്‍ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ജനിച്ച ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം മലയാളം അടക്കം പതിനാറോളം ഭാഷകളിലായി നാല്‍പ്പതിനായിരം ഗാനങ്ങള്‍ക്കാണ് തന്റെ ദൈവിക ശബ്ദത്തിലൂടെ ജീവന് പകര്‍ന്നത്. ആറ് ദേശീയ പുരസ്കാരങ്ങള്‍, പദ്മശ്രീ, പദ്മവിഭൂഷണ് തുടങ്ങി രാജ്യത്തിന്റെ ആദരങ്ങള്‍. അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നിര്‍മാതാവ് എന്നീ നിലകളിലും തിളങ്ങി. ഭാര്യ സാവിത്രി. മക്കള്‍: ഗായകനും നടനുമായ എസ്.പി.ബി. ചരണ്‍, പല്ലവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: