സംഗീതമാകുന്ന അനശ്വര സാമ്രാജ്യത്തിലെ രാജകുമാരനായി അഞ്ച് പതിറ്റാണ്ടുകാലം സ്വരരാഗ വിസ്മയംതീര്‍ത്ത ഒരു വിശുദ്ധാത്മാവ് നാദബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്നു. തെലുങ്കിന്റെ മണ്ണില്‍ ജനിച്ച് തമിഴ് നാട്ടില്‍ വേരുകളാഴ്ത്തി, മലയാളവും കന്നടയും ഹിന്ദിയും ബംഗാളിയുമുള്‍പ്പെടെ പതിനാല് ഭാഷകളില്‍ പാട്ടിന്റെ തോരാമഴ പെയ്യിച്ച ഈ അത്ഭുതമനുഷ്യന് വിദേശ ഭാഷകളിലും ആലാപന വസന്തം തീര്‍ത്ത് അതിരുകളില്ലാത്ത സാമ്രാജ്യമാണ് സംഗീതമെന്ന് തെളിയിച്ചു. അന്‍പത് വര്‍ഷത്തിനിടെ നാല്‍പ്പതിനായിരം പാട്ടുകള്‍ പാടി ലോക റെക്കോര്‍ഡ് സ്ഥാപിച്ച മഹാനുഭാവനാണ് എസ്പിബി എന്ന ചുരുക്കപ്പേരലറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം.
സംഗീതജ്ഞനായിരുന്നു അച്ഛനെങ്കിലും സംഗീതംകൊണ്ട് ജീവിക്കാനാവില്ലെന്ന തിരിച്ചറിവില്‍ മകനെ ആ വഴിക്ക് സഞ്ചരിക്കാന്‍ അനുവദിച്ചിരുന്നില്ല. ബാലുവിനെ എഞ്ചിനീയറാക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. എന്നാല്‍ പഠനത്തിന് ചെന്നൈയിലെത്തിയ ബാലുവിന് ജന്മസിദ്ധമായ സംഗീതത്തില്‍നിന്ന് അകന്നുനില്ക്കാനായില്ല. പില്ക്കാലത്ത് ഇസൈ ജ്ഞാനിയായിത്തീര്‍ന്ന ഇളയരാജ, ഗംഗൈ അമരന് എന്നിവര്‍ക്കൊപ്പമുള്ള പാട്ടിന്റെ കൂട്ടായ്മയിലൂടെ സംഗീതരംഗത്തേക്ക് വരികയും, അവിടെയൊരു വടവൃക്ഷമായി വളരുകയും ചെയ്തു. പേരെടുത്ത മറ്റുപല ഗായകരില്‍നിന്നും വ്യത്യസ്തമായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലൂടെയല്ല, ജനകീയ വേദികളിലൂടെയാണ് ബാലു പാട്ടിന്റെ മാസ്മരികലോകത്തേക്ക് വന്നത്. വര്‍ണപ്പകിട്ടുള്ള ഈ ലോകത്തും പച്ചമനുഷ്യനായി ജീവിക്കാന്‍ കഴിഞ്ഞത് ഈ ഗായകന്റെ മഹത്വമാണ്.
ചെറുപ്പത്തിലെ ഹരികഥയ്ക്ക് പാടിയിരുന്ന ബാലു മാതൃഭാഷയായ തെലുങ്കിലെ സിനിമകളിലാണ് ഗായകനായി അരങ്ങേറ്റം കുറിച്ചത്. ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തില്‍ ബാലസുബ്രഹ്മണ്യം പാടിയ ഓങ്കാരനാദാനു… എന്നുതുടങ്ങുന്ന ഗാനവും, ശങ്കരാ നാദശരീരാപരാ… എന്നുതുടങ്ങുന്ന ഗാനവും ഈ മഹാഗായകനെ ഇന്ത്യന്‍ സംഗീതത്തിന്റെ ഒത്തനടുവില്‍ പ്രതിഷ്ഠിച്ചു. ലോകമെമ്പാടുമുള്ള ആരാധകര്‍ ഈ ഗാനങ്ങള്‍ നെഞ്ചേറ്റിയതോടെ പിന്നണിഗാനശാഖയില്‍ ഒരു പുതുപ്പിറവി സംഭവിക്കുകയായിരുന്നു. തെലുങ്ക് ഭാഷ അറിയാത്തവരായിരുന്നിട്ടും എസ്പിബിയുടെ ആലാപനഗരിമയില് ആസ്വാദകര്‍ അലിഞ്ഞുചേര്‍ന്നു. ഓങ്കാരനാദാനു… എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും ലഭിച്ചു. ഇതുള്‍പ്പെടെ ആറ് തവണയാണ് എസ്പിബിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
തമിഴ് തട്ടകമാക്കിയ ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്ന പാട്ടുകള്‍ പുതിയൊരു തരംഗം സൃഷ്ടിച്ചു. ഇളയരാജ മുതല്‍ വിദ്യാസാഗര്‍ വരെയുള്ള സംഗീത സംവിധായകരുടെ ഇഷ്ടഗായകനായി ബാലസുബ്രഹ്മണ്യം മാറി. വലിപ്പച്ചെറുപ്പമില്ലാതെ സഹകരിച്ചതോടെ എല്ലാവരുടെയും സുഹൃത്തും വഴികാട്ടിയുമായി. ഒരു തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന തരത്തില്‍ എണ്ണമറ്റ മധുരഗാനങ്ങളാണ് ഇതുവഴി ലഭിച്ചത്. ഏക് ദൂജേ കേലിയേ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാരംഗത്തെത്തിയ ബാല സുബ്രഹ്മണ്യം അവിടെയും സംഗീത വൈഭവം ആവര്‍ത്തിച്ചു. തമിഴില്‍ എല്ലാ നായകന്മാര്ക്കുവേണ്ടിയും പാടിയതുപോലെ ബോളിവുഡിന്റെയും പ്രിയഗായകനായി മാറി. സല്മാന്ഖാന്, ഷാരൂഖ് ഖാന്, അമീര്ഖാന് എന്നീ മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ക്കു വേണ്ടിയും പാടി.
കടല്‍പ്പാലം എന്ന ചിത്രത്തില്‍ ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന വയലാര്‍ രാമവര്‍മയുടെ ഈ കടലും മറുകടലും… എന്ന പാട്ടുമായി മലയാളത്തിലേക്ക് കടന്നുവന്ന ബാലസുബ്രഹ്മണ്യം പല സിനിമകളിലായി നൂറോളം ഗാനങ്ങള്‍ പാടി. താരാപഥം ചേതോഹരം…, ഊട്ടിപ്പട്ടണം പൂട്ടിക്കെട്ടണം… എന്നിങ്ങനെയുള്ള ഗാനങ്ങള്‍ മലയാളികളുടെ നാവിന്തുമ്പില് എപ്പോഴുമുള്ളതാണ്. മലയാളത്തിലെ എസ്പിബിയുടെ പാട്ടുകള്‍ക്കുപരി തമിഴിലും ഹിന്ദിയിലും പാടിയ ഗാനങ്ങളാണ് ഈ ഗായകനെ മലയാളികളുടെ പ്രിയങ്കരനാക്കിമാറ്റിയത്. അവരുടെ സ്വപ്നങ്ങളിലേക്കും പ്രണയത്തിലേക്കും ജീവിതത്തിലേക്കുതന്നെയും ആ ഗാനപീയൂഷം ഒഴുകിയെത്തി. പല തമിഴ്-ഹിന്ദി സിനിമകളും കേരളത്തില്‍ ബോക്സോഫീസ് വിജയങ്ങള്‍ നേടിയതിനുപിന്നില്‍ എസ്പിബി പാടിയിട്ടുള്ള പാട്ടുകള്‍ക്ക് വലിയ പങ്കുണ്ട്.
ഗായകനെന്നതിനുപുറമെ നിര്‍മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സ്റ്റേജ് പെര്‍ഫോര്‍മര്‍, ടിവി അവതാരകന്, അഭിനേതാവ് എന്നീ നിലകളിലൊക്കെ പ്രതിഭ തെളിയിക്കാന്‍ എസ്പിബിക്ക് കഴിഞ്ഞു. നൂറിലേറെ ചിത്രങ്ങള്‍ക്ക് ഈ ഗായകന് ഡബ്ബിംഗ് നിര്‍വഹിച്ചിട്ടുണ്ട് എന്ന അറിവ് പലര്‍ക്കും അത്ഭുതമായിരിക്കും. ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പില്‍ ഗാന്ധിയായി അഭിനയിച്ച ബെന്‍ കിങ്സ്ലിക്ക് ശബ്ദം നല്കിയതും എസ്പിബി ആയിരുന്നു. സ്റ്റേജ് ഷോകളില്‍ ഇത്ര തന്മയത്വത്തോടെ പെരുമാറുന്ന മറ്റൊരാളില്ലെന്നുതന്നെ പറയാം. മലരേ മൗനമായ്… എന്ന ഗാനം എസ്. ജാനകിയോടൊപ്പവും, താരാപഥം ചേതോഹരം… എന്ന ഗാനം കെ.എസ്. ചിത്രയ്ക്കുമൊപ്പവും എസ്പിബി പാടുന്നത് ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരുടെ മനസ്സും ഹൃദയവും നിറഞ്ഞുതുളുമ്പും.
തികഞ്ഞ രാജ്യസ്നേഹിയായിരുന്നു ഈ ഗായകന്. സ്വാതന്ത്ര്യദിനങ്ങളില്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കുന്നതില്‍ എസ്പിബി പ്രത്യേകം താല്‍പ്പര്യം പ്രകടിപ്പിച്ചു. സമീപകാലത്ത് സിനിമാ മേഖലയില്‍ രൂപംകൊണ്ട ദേശവിരുദ്ധ വികാരം പ്രചരിപ്പിക്കുന്ന ക്ലിക്കുകളില്നിന്ന് ഈ ഗായകന് അകന്നുനിന്നു. കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്നതിലും മുന്നിട്ടിറങ്ങി. ‘ഒരുമിച്ചു നില്‍ക്കലിന്റെ സമയം, കരുതലിന്റെ പൊരുതലിന്റെ സമയം’ എന്ന വരികള്‍ റഫീഖ് അഹമ്മദിനെക്കൊണ്ട് എഴുതിവാങ്ങിച്ച് സംഗീതം പകര്‍ന്ന് ആലപിക്കുകയുണ്ടായി. കൊവിഡ് ബാധിച്ചുവെങ്കിലും അതിനെ അതിജീവിച്ച ശേഷമാണ് ഇതിഹാസ ഗായകന് നമുക്കിടയില്‍നിന്ന് വിടപറഞ്ഞിരിക്കുന്നത്. സംഗീതമുള്ളിടത്തോളം നിലയ്ക്കാത്ത നാദമായി ആ ഓര്‍മകള്‍ ആസ്വാദകര്ക്കൊപ്പമുണ്ടാകും. അനശ്വര ഗായകന് ഞങ്ങളുടെ കണ്ണീര് പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: