വൊര്‍ക്കാടി: പഞ്ചായത്ത് ഭരണ കാലാവധി അവസാനിക്കാനിരിക്കെ വൊര്‍ക്കാടി പഞ്ചായത്തില്‍ ചെയ്യാത്ത പണിയുടെ പേരില്‍ 4,92,000 രൂപ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമം. എല്‍ഡിഎഫ് അംഗമായ പഞ്ചായത്തംഗവും യുഡിഎഫ് അംഗമായ പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നടത്തിയ തട്ടിപ്പിനെതിരെ കേസെടുക്കണമെന്നും ഇരുവരും തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൊര്‍ക്കാടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കൊവിഡിന് മുമ്പാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് 11-ാം വാര്‍ഡിലെ കോണി ബയലുവിലുള്ള മുഗുളി സോഡങ്കൂര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 4,92,000 രൂപ വിനിയോഗിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഇതനുസരിച്ച് പ്രസ്തുത ജോലി പഞ്ചായത്തധികൃതരുടെ അടുത്തയാള്‍ക്ക് കരാര്‍ കൊടുക്കുകയും ചെയ്തു.
ഏപ്രിലില്‍ അടങ്കല്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കരാറുകാരന് അഡ്വാന്‍സായി നല്‍കുകയുമായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അതിനുശേഷം മുഴുവന്‍ തുകയും കരാറുകാരന് നല്‍കുന്നതിന് ഫയല്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിജിറ്റല്‍ ഒപ്പിടുകയും തുകക്കുള്ള ചെക്ക് തയ്യാറാക്കുകയും ചെയ്തുവെന്ന് പഞ്ചായത്തിലെ ഒരു സ്വതന്ത്ര മെമ്പര്‍ അറിയുകയും അദ്ദേഹം ബിജെപി അംഗങ്ങള്‍ക്കൊപ്പം ബിഡിഒക്ക് പരാതി നല്‍കുകയും ചെയ്തു.
പരാതിയെക്കുറിച്ച് ബിഡിഒ നേരിട്ടന്വേഷണം നടത്തുകയും രേഖകളും കൃത്രിമവും കണ്ടെത്തി ദേശീയ തൊഴിലുറപ്പ് എഞ്ചിനീയറെ സസ്‌പെന്റ് ചെയ്ത് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
റോഡ് ടാറിങ്ങില്‍ ഇതുവരെ ആകെ ചെയ്തത് ഒരു ലോഡ് ജല്ലി ഇറക്കിയത് മാത്രമാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ പകല്‍ക്കൊള്ളക്കെതിരെ കേസെടുക്കുകയും കുറ്റവാളികള്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കുകയും വേണമെന്ന ബിഡിഒയുടെ നിര്‍ദ്ദേശമുണ്ടായി. പ്രശ്‌നം പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത വെല്ലുവിളിയായിരിക്കുകയാണ്. അഴിമതിക്കെതിരെ ബിജെപി നടത്തിയ പഞ്ചായത്ത് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ, നവീന്‍രാജ്, ചന്ദ്രശേഖരഷെട്ടി, വസന്ത, ആനന്ദ, സദാശിവ നായക്, ധൂമപ്പഷെട്ടി, ജഗദീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: