കാസര്‍കോട്: മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ആറോളം ജീവനക്കാര്‍ക്ക് കൊവിഡ് പോസ്റ്റീവായി. ലാബ്, ഓഫീസ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ കൃത്യമായി കൈകാര്യം ചെയ്യാതെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിടുന്നതാണ് രോഗബാധയ്‌ക്ക് ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ഒരു കുടുംബത്തിലെ നാലുപേര്‍ ഒരേ ലക്ഷണങ്ങളുമായെത്തുകയും അവര്‍ക്ക് പ്രഥമിക ചികിത്സ നല്‍കുകയും ചെയ്ത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. അതിനിടയില്‍ അവര്‍ ഒപിയിലടക്കം ജീവനക്കാരുള്‍പ്പെടെ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് കഴിഞ്ഞതായി ആക്ഷേപമുണ്ട്. രോഗലക്ഷണമുള്ളവരെ കൊവിഡ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റാതെ അധികൃതര്‍ വാര്‍ഡിലേക്ക് നേരിട്ട് അയച്ച് ചികിത്സ നല്‍കുന്നത് മറ്റ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തുന്നു.
കഴിഞ്ഞ ദിവസം കൊവിഡ് പോസ്റ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനുശേഷം കൊവിഡ് മാനദണ്ഡപ്രകാരം കൃത്യമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ രോഗികള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട സ്ഥലങ്ങള്‍ ക്ലീനിംഗ് ജീവനക്കാരോട് ശുചീകരണം നടത്താന്‍ ആവശ്യപ്പെട്ട് നിര്‍ബന്ധിച്ചതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലാബ്, ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ സഹപ്രവര്‍ത്തകരായ മറ്റുള്ളവര്‍ ക്വാറന്റെനില്‍ പോയിരുന്നു. പക്ഷെ കഴിഞ്ഞദിവസം നഴ്‌സിനും നഴ്‌സിംഗ് അസിസ്റ്റന്റിനും മറ്റും കൊവിഡ് വന്നപ്പോള്‍ ജീവനക്കാരുടെ കുറവ് പറഞ്ഞ് കൂടെ പ്രവര്‍ത്തിച്ച മറ്റ് ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്തില്ലെന്ന് ആരോപണമുയരുന്നു. ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ളവര്‍ക്ക് അമിതജോലി ഭാരമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.
ജീവനക്കാരുടെ അപര്യാപതത മൂലം കൊവിഡ് രോഗികള്‍ വന്ന് പോയെന്നറിഞ്ഞാലും ആശുപത്രി അടച്ചിട്ട് കൃത്യമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നത് ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഏറെ ഭീഷണിയുയര്‍ത്തുന്നതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: