കാസര്‍കോട്: ജില്ലയില്‍ കൊവിഡ് മൂലവും മാരകമായ മറ്റ് രോഗങ്ങള്‍ ബാധിച്ചും മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോഴും കാസര്‍കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ ഐ.സി.യുകള്‍ പ്രവര്‍ത്തന സജ്ജമാകാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. ഇത് ജില്ലയിലെ അത്യാസന്നനിലയിലാകുന്ന രോഗികള്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയാകുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 20 വെന്റിലേറ്ററുകള്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഓക്സിജന്‍ സിലിണ്ടര്‍ കിട്ടാനും ഏറെ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ ഏതാനും സ്വകാര്യാശുപത്രികളില്‍ വെന്റിലേറ്ററോടുകൂടിയ ഐ.സി.യു ഉണ്ടെങ്കിലും നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ രോഗികള്‍ക്ക് മാത്രമേ ഇവിടങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകുകയുള്ളൂ.
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും വെന്റിലേറ്ററുകള്‍ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഐ.സി.യുവുമായി ബന്ധിപ്പിച്ചിട്ടില്ല. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രികളും. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നിര്‍ധനരായ രോഗികള്‍ ചികിത്സക്കായി ആശ്രയിക്കുന്ന ഈ ആശുപത്രികളില്‍ പോലും വെന്റിലേറ്റര്‍ ഐ.സി.യു സജ്ജമാക്കാത്തത് ഇവിടത്തെ ആരോഗ്യമേഖലയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയാണെന്ന് വിമര്‍ശനം ശക്തമായിരിക്കുകയാണ്.
ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയാക്കിയിട്ടുണ്ടെങ്കിലും വിദഗ്ധ ചികിത്സക്കുള്ള സൗകര്യങ്ങള്‍ കുറവാണ്. ഇവിടെ വെന്റിലേറ്റര്‍ പോയിട്ട് ഐ.സി.യു പോലുമില്ല. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമായാല്‍ പരിയാരത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റപ്പെട്ടവരില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജിന്റെ വകയായുള്ള 108 ആംബുലന്‍സില്‍ പോലും വെന്റിലേറ്റര്‍ സജ്ജീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: