ദുബായ്: മുന്നില്‍ നിന്ന് നയിച്ച നായകന് രോഹിത് ശര്‍മയുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പുത്തന്‍ ചരിത്രം കുറിച്ചു. ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഇരുപത് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് മുംബൈയ്ക്ക് സ്വന്തമായത്.
മുംബൈയോട് തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കിങ്ങസ് ഇലവന് പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പതിനേഴ് വിജയങ്ങള്‍ നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയും പതിനേഴ് വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ കളിച്ച അവസാന പതിനൊന്ന് മത്സരങ്ങളില്‍ പത്തിലും വിജയം നേടി. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സുമായി ഇതുവരെ കളിച്ച 26 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്.
നായകന് രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും മികവിലാണ് മുംബൈ ഇന്ത്യന്‍സ് അബുദാബിയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റ മുംബൈയുടെ ആദ്യ വിജയമാണിത്. ഇതോടെ അവര്‍ക്ക് രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റായി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെയും (80) സൂര്യകുമാര്‍ യാദവിന്റെയും (47) മികവില്‍ ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 195 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 146 റണ്‍സേ നേടാനായുള്ളൂ.
രോഹിത് ശര്‍മ 54 പന്തില്‍ മൂന്ന് ഫോറം ആറ് സിക്സറും പൊക്കിയാണ് 80 റണ്‍സ് എടുത്തത്. കളിയിലെ കേമനുള്ള പുരസ്കാരം രോഹിതിന് ലഭിച്ചു. സൂര്യകുമാര്‍ യാദവ് 28 പന്തില്‍ ആറു ഫോറും ഒരു സിക്സറും അടക്കം 47 റണ്‍സ് നേടി.കൊല്‍ക്കത്തക്കായി ക്യാപ്റ്റന്‍ കാര്‍ത്തിക് മുപ്പത് റണ്‍സും പാറ്റ് കമ്മിന്‍സ് 33 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: