കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മതഭീകരവാദികള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്ന കൊലപാതകക്കേസുകളുടെ അന്വേഷണത്തില്‍ ഇപ്പോഴും ദരൂഹത. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ചിലരുടെ മരണത്തില്‍ മതതീവ്രവാദസംഘടനകള്‍ക്കുള്ള ബന്ധം വ്യക്തമായിട്ടും ഇത്തരം കൊലപാതകങ്ങള്‍ സാധാരണ മരണമോ ആത്മഹത്യയോ ആയാണ് പോലീസിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ പത്ത് വര്‍ഷത്തനുള്ളില്‍ നടന്ന കരക്കാടന്‍ വിനീഷ്, പറമ്പായി നിഷാദ്, കൊയിലേരിയന്‍ സുജിത്ത് എന്നീ യുവാക്കളുടെ മരണം ഇപ്പോഴും ദുരൂഹതയുടെ നിഴലിലാണ്. 2010 ഏപ്രല്‍ 10 നാണ് കണ്ണൂര്‍ പൊയ്ത്തുംകടവ് കവലയിലെ ഒരു ഷോപ്പില്‍ റോഡിന് അഭിമുഖമായി നിര്‍മ്മാണത്തൊഴിലാളിയായിരുന്ന കുന്നംങ്കൈ സ്വദേശിയായ കരക്കാടന്‍ വിനീഷിനെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇത് ആത്മഹത്യയാണെന്ന് പറയുമ്പോഴും മരണത്തിലേക്ക് നയിച്ച നിരവധി പരിക്കുകള്‍ വിനീഷിന്റെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ഇരുപത്തിനാലോളം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും വിനീഷിന്റെ മൃതദേഹത്തിലുണ്ടായിരുന്നു.
വിനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് 13 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം ചുമത്തുന്നതിന് പകരം ആത്മഹത്യാ പ്രേരണയാക്കി മാറ്റി പ്രതികളെ സഹായിച്ചുവെന്ന ആരോപണം അന്ന് തന്നെ പോലീസിനെതിരെ ഉയര്‍ന്നിരുന്നു. സംഭവത്തിന് മുമ്പ് പൊയ്ത്തുംകടവില്‍ പൂട്ടിയിട്ട മില്ലില്‍ തുടര്‍ച്ചയായി എന്‍ഡിഎഫ് രഹസ്യയോഗം നടത്തിയതായി വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു എറണാകുളം സ്വദേശയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് കാണിച്ചില്ല. പ്രതികളുടെ കുറ്റസമ്മതമൊഴിയില്‍ സമുദായാംഗങ്ങളെ അപമാനിക്കുന്ന ആരെയും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതിന്റെ ഭാഗമായാണ് കൈകാര്യം ചെയ്തതെന്നുമുണ്ട്.
മമ്പറം പറമ്പായിയിലെ നിഷാദിന്റെ കൊലപാതകവും സമാനമായ രീതിയില്‍ തന്നെയാണ്. 2012 ഒക്ടോബര്‍ ഇരുപത്തിയൊന്നിന് രാത്രിയാണ് നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. ബെംഗളൂരു സ്ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍പീടിക സക്കീന മന്‍സിലില്‍ പി.എ. സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്. 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ വാങ്ങി കൂട്ടാളികളുടെ സഹായത്തില്‍ നിഷാദിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നായിരുന്നു സലീമിന്റെ വെളിപ്പെടുത്തല്‍. തെളിവുകള്‍ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് സലീമിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പിന്നീട് കേസില്‍ പുരോഗതിയൊന്നുമുണ്ടായില്ല.
കൂട്ടുപ്രതികളുടെയും ക്വട്ടേഷന്‍ നല്കിയ ആളുടെയും പേരുകള്‍ സലീം നല്‍കിയതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ക്രൈം ബ്രാഞ്ച് സംഘം ആരെയും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. കേസ് അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് മൃതുസമീപനമാണ് സ്വീകരിച്ചത്. ബെംഗളൂരു സ്ഫോടനക്കേസില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് തന്നെയാണ് സലീമും കൂട്ടരും നിഷാദിനെ കൊലപ്പെടുത്തിയത്.
2018 ഫെബ്രവരി നാലിന് ചെക്കിക്കുളത്തെ കൊയിലേരിയന്‍ സുജിത്ത് (37) എന്ന യുവാവ് കൊല്ലപ്പെട്ടതിലും ദുരൂഹതയുണ്ട്. മൂന്നുപെരിയ എന്ന സ്ഥലത്ത് പണിതീരാത്ത കെട്ടിടത്തില്‍ രാത്രി എട്ടു മണിയോടെയാണ് സുജിത്തിന്റെ മരണം നടന്നതെങ്കിലും രാവിലെയാണ് നാട്ടുകാരും പോലീസും മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോലീസ് പറയുമ്പോഴും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കുള്ളതായി പറയുന്നുണ്ട്. സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു സുജിത്ത്. പാര്‍ട്ടിയുടെ ചുമരെഴുത്തും ബോര്ഡെഴുത്തുമായിരുന്നു ജോലി. സുജിത്തിന്റെ മരണത്തില്‍ ഇതുവരെ ദുരൂഹത നീങ്ങിയിട്ടില്ല. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: