ഇങ്ങനെയൊരു പുസ്തകം ഒരുപക്ഷേ വേറേ ഇല്ല. അക്കിത്തത്തെക്കുറിച്ചല്ല, അക്കിത്തമായിത്തന്നെ മാറിയാണ് ആത്മാരാമന്‍ പുസ്തകമെഴുതിയത്. അത് ഇംഗ്ലീഷിലാകണമെന്ന് നിര്‍ബന്ധമായിരുന്നു. കാരണം, ഭാഷയുടെ പരിമിതികള്‍കൊണ്ട് അക്കിത്തത്തെ ലോകം അറിയാതെ പോകരുത് എന്ന നിര്‍ബന്ധം. കവിതയിലൂടെ ലോകഗതി മാറ്റാന്‍ പോന്ന കരുത്തിനെ അറിയാന്‍ വിലക്കുകള്‍ ഉണ്ടാകരുത് എന്ന കാര്‍ക്കശ്യം.
അക്കിത്തത്തിന്റെ ആത്മകഥയാണ് ദല്‍ഹിയിലെ രൂപ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം. ഇന്ന് കവിയുടെ വീട്ടില്‍ പ്രകാശനം. ആത്മാരാമന്‍ എന്ന പേരില്‍ സാഹിത്യ രചന നടത്തുന്ന ഭാസ്‌കരമേനോന്‍ കൃഷ്ണകുമാര്‍ എന്ന ബി. കൃഷ്ണകുമാര്‍ നാലു പതിറ്റാണ്ടിലേറെ കവിയുമായുള്ള ബന്ധത്തില്‍ ആ ജീവിതം സ്വയം എഴുതിയിരിക്കുകയാണ്. 272 പേജില്‍ ഇതിഹാസകാരന്റെ നൂറ്റാണ്ട് ജീവിതം. അക്കിത്തത്തിന്റെ മൂത്ത മകന്‍, ലോകപ്രസിദ്ധനായ അക്കിത്തം വാസുദേവന്‍ വരച്ച സ്‌കെച്ചുകള്‍, 14 വയസുമുതല്‍ 90 വരെയുള്ള അക്കിത്തത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയതാണ് രണ്ടു കിലോയുടെ പുസ്തകം.
ആത്മാരാമന്‍ പറയുന്നു: ‘ഞാന്‍ കൂടുതല്‍ വിനയാന്വിതനായി എന്നതാണ് ഈ പുസ്തക രചനയുടെ ഫലം. 14 വര്‍ഷം മുമ്പ് ഈ കാര്യം കവിയോട് സംസാരിച്ചു. ”അങ്ങനെയൊന്നും വേ. അതിനൊക്കെ ഒരു സമയമുണ്ട്. കൃഷ്ണകുമാര്‍ എത്ര ശ്രമിച്ചാലും നടക്കില്ല.” ഞാനതു നീട്ടി. പിന്നെ ചോദിക്കാന്‍ നിന്നില്ല. തുടങ്ങി. കവി എഴുതിയത്, അഭിമുഖങ്ങള്‍ പറഞ്ഞത്, പ്രസംഗിച്ചത്, എന്നോട് പറഞ്ഞത് അതെല്ലാം ചേര്‍ത്ത് ഞാന്‍ ഒരു കഥപോലെ എഴുതി. അതില്‍ ഞാനില്ല, ഞാനൊന്നും പറയുന്നില്ല, എല്ലാം അക്കിത്തമാണ് പറയുന്നത്. എന്റെ അമ്മ, എന്റെ അച്ഛന്‍, എന്റെ ഇല്ലം, എന്റെ ജോലി എന്നിങ്ങനെ. മകന്‍ വരച്ച 100 സ്‌കെച്ചുകള്‍, 14 വയസുമുതലുള്ള ചിത്രങ്ങള്‍… അക്കിത്തത്തിന്റെ ജീവിതം സാമൂഹ്യ ചരിത്രമാണ്, അത് രാഷ്‌ട്രീയ ചരിത്രമാണ്, അത് സാഹിത്യ ചരിത്രമാണ്… അതെ ഞാന്‍ ഏറെയേറെ വിനയാന്വിതനായി മാറി…’
ആത്മാരാമന്‍
(ബി. കൃഷ്ണകുമാര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: