കാസര്‍കോട്: കാസര്‍കോട് ജില്ല നേരിടുന്ന ആതുരശുശ്രൂഷാ രംഗത്തെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് ബിജെപി ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് രോഗബാധിതര്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍ വായ്‌ത്താരിയില്‍ മാത്രമായൊതുക്കിയ ഇടത് സര്‍ക്കാര്‍ ആതുര മേഖലയില്‍ കാസര്‍കോട്ടെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിനിതുവരെ കഴിഞ്ഞിട്ടില്ല. ടാറ്റയുടെ കൊവിഡ് ആശുപത്രി സമുച്ചയത്തിന്റെ പണി പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറിയെങ്കിലും പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ക്കിതുവരെ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ജില്ലാ ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാഫിയകളുമായി സിപിഐഎമ്മിനുളള രഹസ്യ ബന്ധവും ഈ തീരുമാനത്തിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ സ്വകാര്യ സഹകരണ മേഖലയിലെ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലും, ജില്ലാ ആശുപത്രിയിലും എല്ലാവിധ രോഗികള്‍ക്കും ചികിത്സ തേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം, ജില്ലയിലെ മുഴുവന്‍ സര്‍ക്കാരാശുപത്രികളിലും മതിയായ ചികിത്സാ സൗകര്യങ്ങളൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് സംസാരിച്ചു. മേഖല സംഘടന സെക്രട്ടറി കെ.പി.സുരേഷ്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി നായിക്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ വി.ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി, പി.രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: